മലയോരത്തിന് വീണ്ടും  ഭയപ്പാടിന്റെ ദിനങ്ങൾ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി

Tuesday 11 November 2025 11:19 PM IST

കാളികാവ്: മാസങ്ങൾക്കു ശേഷം രണ്ടിടങ്ങളിൽ വീണ്ടും കടുവാ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ മലയോരത്തിന് വീണ്ടും ഭയപ്പാടിന്റെ നാളുകൾ. കാട് വെട്ടിത്തെളിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ആറുമാസംമുമ്പ് തൊഴിലാളിയെ കൊന്നതിനു ശേഷം മലയോരം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഇടയിലാണ് വീണ്ടും കടുവാ ഭയമുണ്ടായത്.കഴിഞ്ഞ ദിവസം റാവുത്തൻ കാട്ടിലെ ഈശ്വരത്ത് ഫിറോസിന്റെ ആടിനെയാണ് കടുവ കൊണ്ടു പോയത്. രണ്ടു മാസം മുമ്പ് എഴുപതേക്കറിലെ തൊഴുത്തിൽ നിന്ന് പശുവിനെ കടുവ കൊന്ന് തിന്നിരുന്നു. നേരത്തെ കടുവയാക്രമണം നടന്ന റാവുത്തൻ കാട്ടിൽ അടിക്കാടുകൾ വെട്ടിഞ്ഞെളിക്കണമെന്നാവശ്യപ്പെട്ടാണ് നാടുകാർ പഞ്ചായത്തിലെത്തിയത്.നേരത്തെ തൊഴിലാളിയെ കടുവ കൊന്ന തോട്ടത്തിലെ അടിക്കാടുകൾ വെട്ടിമാറ്റാൻ പഞ്ചായത്ത് കർശന നിർദ്ദേശം നൽകിയെങ്കിലും തോട്ടം ഉടമകൾ അനുസരിച്ചിരുന്നില്ല.കാട് ക്രമതീതമായി വളർന്നത് കൊണ്ടാണ് മേഖലകയിൽ കടുവയും ചെന്നായ്ക്കളും പെരുകാൻ കാരണമായതായി നാട്ടുകാർ പറയുന്നത്. കടുവ ഭീഷണി കാരണം മേഖലയിലെ മറ്റു തോട്ടങ്ങളിലേക്കും തൊഴിലാളികളെ കിട്ടാതെ റബ്ബർ ഉദ്പാദനം മുടങ്ങി കിടക്കുകയാണ്.മേഖലയിൽ സ്വകാര്യ ഭൂമികളിൽ അനിയന്ത്രിതമായി വളരുന്ന കാട്ടുകൾ വെട്ടി മാറ്റാൻ നടപടിസ്വീകരിക്കുമെന്ന് നാട്ടുകാരുടെ പരാതി സ്വീകരിച്ച് പത്തായത്ത് സെക്രട്ടറി കെ.ഷുക്കൂർ പറഞ്ഞു.

കെണിയും ക്യാമറയും വെറുതെയാകുമോ

കാളികാവ്: അടക്കാക്കുണ്ട് എഴുപതേക്കറിൽ കടുവയെ പിടികൂടാൻ സ്ഥാപിച്ച കെണിയും ക്യാമറയും വെറുതെയായി. കെണിയിൽ സ്ഥാപിച്ച ആട് കഴിഞ്ഞ ദിവസം ചത്തതായി തോട്ടം വാച്ച്മാൻ പറഞ്ഞു. രണ്ടു മാസം മുമ്പ് ഇതേ സ്ഥലത്ത് നിന്നാണ് പശുവിനെ കടുവ കൊണ്ടു പോയത്. ഒരാഴ്ചക്കു ശേഷമാണ് സ്വകാര്യ തോട്ടത്തിലാണ് കൂടും ക്യാമറയും സ്ഥാപിച്ചത്.രണ്ടുമാസമായിട്ടും കടുവ കൂടിന്റെ അടുത്ത് വന്നിട്ടില്ല.അതിനിടെ ഇരയായി വെച്ച ആട് ചത്തതോടെ ഇപ്പോൾ കൂട് വെറുതെയാകുന്ന അവസ്ഥയാണ്.