തീർത്ഥാടനം അറിയാതെ റാന്നി
റാന്നി : മണ്ഡല മകരവിളക്ക് ഉത്സവങ്ങൾക്കായി ശബരിമല നട തുറക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ റാന്നിയിലു ഒരുക്കങ്ങൾ ഒന്നുമായില്ല. വിവിധ വകുപ്പുകളും പഞ്ചായത്തുകളും പതിവ് ആലസ്യത്തിലാണ്. പ്രധാന തീർത്ഥാടന പാതകളിലും ഇടത്താവളങ്ങളിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ അധികൃതർ അലംഭാവം കാണിക്കുന്നതായി പരാതിയുണ്ട്. ലക്ഷക്കണക്കിന് തീർത്ഥാടകർ എത്തിച്ചേരുന്ന പ്രധാന വഴിയരികുകൾ ഇപ്പോഴും കാടുമൂടി കിടക്കുകയാണ്. ഇത് കാൽനടയായി പോകുന്ന വർക്ക് സുരക്ഷാഭീഷണിയാകുന്നു.
സ്ഥിരം അപകടമേഖലയായ ളാഹയിൽ റോഡിന്റെ വശങ്ങൾ കാടുമൂടി കിടക്കുന്നത് കാഴ്ച മറയ്ക്കുകയും അപകട സാദ്ധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വഴിയരുകിലെ കാട് ചെത്തിമാറ്റാനുള്ള നടപടികൾ ഇനിയും ആരംഭിച്ചിട്ടില്ല.
നദികളിലെ കുളിക്കടവുകൾ വൃത്തിയാക്കുകയോ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയോ ചെയ്തിട്ടില്ല. താത്കാലിക ശൗച്യാലയങ്ങളുടെ നിർമ്മാണവും തുടങ്ങിയില്ല. റാന്നി, അത്തിക്കയം, വടശ്ശേരിക്കര, പെരുനാട് തുടങ്ങിയ പ്രധാന ഇടത്താവളങ്ങളിൽ വിരിവയ്ക്കാനുള്ള സൗകര്യങ്ങൾ, വെളിച്ചം, ശുചിത്വം എന്നിവ ഉറപ്പാക്കുന്നതിലും അലംഭാവം തുടരുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി, ഭക്തർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ തീർത്ഥാടനം ഉറപ്പാക്കാൻ അടിയന്തരമായി ഇടപെടൽ അനിവാര്യമാണ്.
സ്ഥിരം അപകടമേഖലയായ ളാഹയിൽ റോഡിന്റെ വശങ്ങൾ കാടുമൂടി കിടക്കുന്നത് വലിയ ഭീഷണിയാണ്.