തിരഞ്ഞെടുപ്പിന് എൽ.ഡി.എഫ് സജ്ജം: രാജു ഏബ്രഹാം
പത്തനംതിട്ട : തദ്ദേശ തിരഞ്ഞെടുപ്പിന് എൽ.ഡി.എഫ് സജ്ജമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അറിയിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച വികസന നേട്ടങ്ങളുമായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതുകൊണ്ടു തന്നെ എൽ ഡി എഫ് നേതൃത്വത്തിലുള്ള ഭരണ സമിതികൾ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും പ്രതിനിധീകരിക്കുന്നത് എൽ ഡി എഫ് അംഗങ്ങളാണ്. ഒപ്പം തന്നെ ജില്ലാ പഞ്ചായത്തും ഒന്നൊഴികെ ബ്ലോക്ക് പഞ്ചായത്തുകളും ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളും ഭരിക്കുന്നത് എൽ ഡി എഫാണ്. നാല് നഗരസഭകളിൽ രണ്ടും എൽ ഡി എഫിനൊപ്പമാണ്.
പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന പഞ്ചായത്തുകൾക്ക് രാഷ്ട്രീയ വിവേചനമൊന്നുമില്ലാതെ എല്ലാ കാര്യങ്ങളും സർക്കാർ നൽകിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള എല്ലാ റോഡുകളും ബി എം ബി സി നിലവാരത്തിൽ നിർമ്മിച്ചവയാണ്. ഇതിന് പുറമെയാണ് മുഖ്യമന്ത്രിയുടെ റോഡ് വികസന ഫണ്ട് ലഭ്യമാക്കിയത്. പഞ്ചായത്ത് റോഡുകളും നല്ല നിലവാരത്തിൽ. നടപ്പാതകൾ വരെ കോൺക്രീറ്റ് ചെയ്ത് മനോഹരമാക്കിയിട്ടുണ്ട്. സാമൂഹ്യക്ഷേമ പെൻഷൻ 2000 രൂപയാക്കി വർദ്ധിപ്പിച്ചതോടെ വലിയ വിഭാഗം ജനങ്ങൾ ആഹ്ലാദത്തിലാണ്. ആശ, അങ്കണവാടി ജീവനക്കാർ, സർക്കാർ ജീവനക്കാരടക്കം തൃപ്തരാണ്. എന്നാൽ എല്ലാ വികസന പ്രവർത്തനങ്ങളെയും കണ്ണുമടച്ച് എതിർക്കുകയാണ് പ്രതിപക്ഷം ചെയ്തത്. ഏറ്റവുമൊടുവിൽ അതി ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയെപ്പോലും അവഹേളിക്കാനും എതിർക്കാനുമാണ് പ്രതിപക്ഷം തയ്യാറായത്. ഇനി ദാരിദ്ര്യമില്ലാത്ത കേരളം എന്ന ലക്ഷ്യമാണ് അടുത്ത അഞ്ച് വർഷം കൊണ്ട് നേടാനുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജനങ്ങൾ എൽ ഡി എഫിന് അനുകൂലമായി പ്രതികരിക്കുമെന്നതിൽ ആത്മവിശ്വാസമുണ്ടെന്നും രാജു ഏബ്രഹാം പറഞ്ഞു.