മൂന്ന് ജില്ലകളിൽ 21 ലക്ഷം കുളവും കിണറും

Wednesday 12 November 2025 12:29 AM IST

 നീരറിവ് സെൻസസ് വിവരം

കൊച്ചി: 'കുളം - കിണർ സെൻസസ് " വയനാട്, ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ പൂർത്തിയായപ്പോൾ 21 ലക്ഷം കുളങ്ങളും കിണറുകളും രേഖയിലായി. കുഴൽ കിണറുകളും നീരുറവകളും 'നീരറിവ്" പദ്ധതിയുടെ ഭാഗമായ സെൻസസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ശേഷിക്കുന്ന ജില്ലകളിലെ സെൻസസ് രണ്ട് ഘട്ടമായി 2026ൽ പൂർത്തിയാക്കും.

നാഷണൽ ഹൈഡ്രോളജി പദ്ധതിയി​ൽ ഭൂജല സ്രോതസുകളുടെ മാസ്റ്റർ ഡാറ്റാ ബേസ് തയ്യാറാക്കുകയാണ് അടിസ്ഥാന ലക്ഷ്യം. ലോകത്ത് ഏറ്റവുമധികം കുളങ്ങളും കിണറുകളുമുള്ള സ്ഥലമാണ് കേരളമെങ്കിലും ,അവയുടെ കണക്കി​ല്ലാത്തതി​നാൽ ഭൂജല ഉപയോഗം മനസിലാക്കാനോ നിയന്ത്രിക്കാനോ കഴിഞ്ഞിരുന്നില്ല.ഇത് തിരിച്ചറിഞ്ഞ് സംസ്ഥാന ഭൂജലവകുപ്പ് നാഷണൽ ഹൈഡ്രോളജി പ്രോജക്റ്റിൽ അപേക്ഷ സമർപ്പിച്ചു. സെൻസസിന് അനുമതി ലഭിച്ചതോടെ കുടുംബശ്രീയുമായി സഹകരിച്ച് നീരറിവ് പദ്ധതി ആവിഷ്കരിച്ചു. 563 പഞ്ചായത്തുകളിൽ സെൻസസ് തുടങ്ങി. 331 പഞ്ചായത്തുകളിൽ പൂർണ്ണമായും 232 പഞ്ചായത്തുകളിൽ ഭാഗികമായും വിവരശേഖരണം പൂർത്തിയായി.

 നീരറിവ് ആപ്പ് നീരറിവ് പദ്ധതിക്കായി തയ്യാറാക്കിയ ആപ്പ് ഉപയോഗിച്ച്, പരിശീലനം നേടിയ കുടുംബശ്രീ അംഗങ്ങൾ ഓരോ വീടും കയറിയാണ് സെൻസസ് നടത്തുന്നത്. ആദ്യ ഘട്ടം പൂർത്തിയാക്കാൻ 8.4 കോടി ചെലവായി. രണ്ടും മൂന്നും ഘട്ടത്തിന് സർക്കാരിന്റെ അനുമതി ഉടൻ തേടും. ആഗോള സംഘടനകളുടെ ഗ്രാന്റും, സർക്കാർ നീക്കിവയ്‌ക്കുന്ന പണവും ഉപയോഗിക്കും

ശേഖരിക്കുന്നത് • കുളത്തിന്റെയും കിണറിന്റെയും ഫോട്ടോ • ഉപയോഗിക്കാൻ തുടങ്ങിയ വർഷം • ജലത്തിന്റെ കൃത്യമായ അളവ് • സെപ്ടിക് ടാങ്കുമായുള്ള അകലം

• ജലത്തിന്റെ ശുദ്ധി