വിദേശ പഠനം: മാറുന്ന രീതികൾ

Wednesday 12 November 2025 12:34 AM IST

പ്രതിവർഷം 10 ലക്ഷം വിദ്യാർത്ഥികളാണ് ഇന്ത്യയിൽ നിന്ന് വിദേശ സർവകലാശാലകളിലേക്ക് ചേക്കേറുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ വികസിത രാജ്യങ്ങളിലുൾപ്പെടെ ലോകത്താകമാനം പ്രതിസന്ധികൾ നിലനിൽക്കുന്നു. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യു.കെ എന്നീ രാജ്യങ്ങളിൽ പ്രതിസന്ധികളേറെയാണ്. അമേരിക്കയിൽ സർവകലാശാലകൾക്കുള്ള ഫെഡറൽ സഹായത്തിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠനത്തിനെത്തുന്ന യു.കെയിൽ സർവകലാശാലകൾ നിലനില്പിനുവേണ്ടി ബുദ്ധിമുട്ടുന്നു. അതിനാൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി ആഗോള പ്രതിഭാസമാണെന്ന് കരുതേണ്ടിയിരിക്കുന്നു.

അതിനാൽ, വിദേശ പഠനം ലക്ഷ്യമിടുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾ മാറുന്ന സാഹചര്യം വിലയിരുത്താൻ ശ്രമിക്കണം. ഒരിക്കലും സാദ്ധ്യതയില്ലാത്ത വിദേശ കോഴ്‌സുകൾ തിരഞ്ഞെടുക്കരുത്. കുറഞ്ഞ ചെലവിൽ രാജ്യത്തു പഠിക്കാവുന്ന സമാന കോഴ്‌സുകൾ പരിഗണിക്കണം. തൊഴിൽ ലഭ്യത മികവ് വർദ്ധിപ്പിക്കാൻ സ്‌കിൽ വികസനത്തിൽ കൂടുതൽ ഊന്നൽ നൽകണം.

ജീവിതച്ചെലവും

പി.എസ്.ഡബ്ല്യൂ കാലതാമസവും

കാനഡ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലുണ്ടായ ഭീമമായ ജീവിതച്ചെലവ് വിദ്യാർത്ഥികൾ പരിഗണിക്കേണ്ടതുണ്ട്. പോസ്റ്റ് സ്റ്റഡി വർക്ക് വിസ (പി.എസ്.ഡബ്ല്യൂ) ലഭിക്കുന്നതിലുള്ള കാലതാമസവും അന്താരാഷ്ട്ര വിദ്യാർത്ഥികൾ നേരിടുന്നുണ്ട്. തൊഴിൽ അവസരങ്ങളുടെ കുറവും കുറഞ്ഞ വേതനവും, പാർട്ട്ടൈം തൊഴിൽ തീർത്തും അനാകർഷകമാക്കുന്നു.