കേരള സെനറ്റ് യോഗം -- വിദ്യാർത്ഥികളെ ബാധിക്കുന്ന ചോദ്യങ്ങൾ ഒഴിവാക്കി
തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സുകളുടെ നടത്തിപ്പിലെ പാളിച്ചയെക്കുറിച്ചടക്കം സുപ്രധാന ചോദ്യങ്ങൾക്ക് ഇന്ന് ചേരുന്ന കേരള സർവകലാശാല സെനറ്റ് യോഗത്തിൽ അനുമതിയില്ല. സെനറ്റംഗമായ ഡോ.എസ്.ആർ അജേഷ് നൽകിയ ചോദ്യങ്ങളാണ് അനുവദിക്കാതിരുന്നത്.
നാലുവർഷ ബിരുദ വിദ്യാർത്ഥികൾക്ക് ഒരു സെമസ്റ്റർ നേരത്തേ കോഴ്സ് പൂർത്തിയാക്കാൻ പഠിക്കേണ്ട ഓൺലൈൻ കോഴ്സുകളുടെ പട്ടിക പ്രസിദ്ധീകരിച്ചോ എന്നതാണ് പ്രധാന ചോദ്യം. അധിക ക്രെഡിറ്റ് നേടാൻ ഓൺലൈൻ കോഴ്സുകൾ പഠിക്കുന്നതിന് കോളേജുകൾ സ്വീകരിക്കേണ്ട നടപടികളെന്തൊക്കെയെന്നാണ് മറ്റൊരു ചോദ്യം. ലെവൽ 300ൽ വരുന്ന നാല് ക്രെഡിറ്റ് കോഴ്സുകൾ പഠിക്കേണ്ടിടത്ത് പകരം സർവകലാശാല നിർദ്ദേശിക്കുന്ന മൂന്ന് ക്രെഡിറ്റ് കോഴ്സുകളുടെ അപാകതകൾ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കുമോയെന്നതായിരുന്നു മറ്റൊന്ന്. എം.കോം ഫിനാൻസ് കോഴ്സിന്റെ പേര് ഏഴ് വർഷം മുൻപ് എം.കോം ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് എന്നാക്കിയിട്ടും സർട്ടിഫിക്കറ്റുകളിൽ പഴയ പേര് രേഖപ്പെടുത്താൻ കാരണമെന്തെന്ന ചോദ്യവും ഒഴിവാക്കി. വിദ്യാർത്ഥികളാവശ്യപ്പെട്ടാൽ സർട്ടിഫിക്കറ്റിലെ കോഴ്സിന്റെ പേര് തിരുത്തി നൽകുമോയെന്നും ഡോ.അജേഷ് ചോദ്യം ഉന്നയിച്ചെങ്കിലും ഇതും ഒഴിവാക്കപ്പെട്ടു. അതേസമയം, സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ്.അനിൽകുമാറിനെ തിരിച്ചെടുക്കുന്നതും സംസ്കൃത പി.എച്ച്ഡി വിവാദവും സെനറ്റിൽ ചർച്ചയായേക്കാം.