തെരുവുനായ ആക്രമണം: പുത്തൂർ പാർക്കിൽ 10 മാനുകൾ ചത്തു

Wednesday 12 November 2025 1:57 AM IST

തൃശൂർ: ഒക്ടോബർ 28ന് തുറന്ന പുത്തൂരിലെ സുവോളജിക്കൽ പാർക്കിൽ ചൊവ്വാഴ്ച രാവിലെ പത്ത് പുള്ളിമാനുകളെ ചത്തനിലയിൽ കണ്ടെത്തി. തെരുവുനായകളുടെ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ തെരുവുനായകളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു.

പാർക്കിൽ ആകെയുണ്ടായിരുന്ന 21 മാനുകളിൽ പത്തെണ്ണമാണ് ചത്തത്. തിങ്കളാഴ്ച ഒരു കേഴമാനിനെയും ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. മാനിന്റെ ആവാസയിടത്തിൽ നിന്നും രണ്ട് നായകളെ പിടികൂടി. പുത്തൂർ പാർക്കിലെ ജീവനക്കാരാണ് ഇന്നലെ രാവിലെ ആറരയോടെ വിവിധയിടങ്ങളിലായി മാനുകൾ ചത്തുകിടക്കുന്നത് കണ്ടത്.

പോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്നും സുവോളജിക്കൽ പാർക്ക് ഡയറക്ടർ ബി.എൻ.നാഗരാജു കേരളകൗമുദിയോട് പറഞ്ഞു.

വനംവകുപ്പിലെ ചീഫ് വെറ്ററിനറി സർജനും പ്രശസ്ത വൈൽഡ് ലൈഫ് ഡോക്ടറുമായ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം മാനുകളുടെ പോസ്റ്റുമോർട്ടം നടത്തിവരികയാണ്. തുടർന്ന് ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി ലാബിലേക്ക് അയയ്ക്കും. മാനുകളുടെ ആവാസയിടത്ത് ക്യാമറകൾ ഇല്ല. രാത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരിൽ നിന്ന് പാർക്ക് ഡയറക്ടറും സ്‌പെഷ്യൽ ഓഫീസറും വിശദീകരണം തേടും.