വില ഇനിയും കൂടും; കേരളത്തില്‍ ഇടിവ് വന്നപ്പോള്‍ വാങ്ങല്‍ നീട്ടിവച്ചവര്‍ക്ക് വന്‍ തിരിച്ചടി

Wednesday 12 November 2025 12:06 AM IST

സ്വര്‍ണം വാങ്ങിക്കൂട്ടി ആഗോള ഫണ്ടുകള്‍

കൊച്ചി: രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് കേരളത്തില്‍ സ്വര്‍ണ വില കുതിച്ചുയര്‍ന്നു. ഇന്നലെ രാവിലെ പവന് 1,800 രൂപ ഉയര്‍ന്നെങ്കിലും ഉച്ചയ്ക്ക് ശേഷം നേരിയ വിലയിടിവുണ്ടായി. അമേരിക്കയില്‍ പലിശ കുറയാനുള്ള സാദ്ധ്യതയാണ് നിക്ഷേപകരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിച്ചത്. . അമേരിക്കയിലെ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ അവസാനിച്ച് സാമ്പത്തിക സ്ഥിതി വിവരക്കണക്കുകള്‍ പുറത്തുവരുന്നതോടെ പലിശ കുറയ്ക്കാന്‍ ഫെഡറല്‍ റിസര്‍വ് നിര്‍ബന്ധിതരായേക്കും. ഇതോടെ ഡോളര്‍ ദുര്‍ബലമായതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് നീങ്ങി. ഇന്നലെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന്(31.1 ഗ്രാം) 40 ഡോളര്‍ വര്‍ദ്ധിച്ച് മൂന്ന് ആഴ്ചയ്ക്കിടെയിലെ ഏറ്റവും ഉയര്‍ന്ന തലമായ 4,140 ഡോളറിലെത്തി.

കേരളത്തില്‍ ഇന്നലെ രാവിലെ പവന്‍ വില രാവിലെ 1,800 രൂപ ഉയര്‍ന്ന് 92,600 രൂപയിലെത്തി. എന്നാല്‍ രാജ്യാന്തര വില നേരിയ തോതില്‍ താഴ്ന്നതോടെ ഉച്ചയ്ക്ക് ശേഷം പവന് 320 രൂപ കുറഞ്ഞ് 92,280 രൂപയിലെത്തി.

വിലക്കുതിപ്പ് തുടര്‍ന്നേക്കും

സ്വര്‍ണ വിലയില്‍ മുന്നേറ്റം തുടരുമെന്നാണ് രാജ്യാന്തര വിപണിയില്‍ ചലനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ ട്രെന്‍ഡ് നിലനിന്നാല്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഔണ്‍സിന് 4,500 ഡോളര്‍ വരെ ഉയരാനിടയുണ്ടെന്ന് അനലിസ്റ്റുകള്‍ പറയുന്നു. ഇതോടെ കേരളത്തില്‍ പവന്‍ വില ഒരു ലക്ഷം രൂപ കവിഞ്ഞേക്കും.

ആഭരണ വിപണിക്ക് തിരിച്ചടി

വിലയിലെ ചാഞ്ചാട്ടം രൂക്ഷമായതോടെ സംസ്ഥാനത്തെ ജുവലറികളില്‍ വില്‍പ്പന മാന്ദ്യം ശക്തമാണ്. വില ഇനിയും കുറയുമെന്ന പ്രതീക്ഷയില്‍ വാങ്ങല്‍ തീരുമാനം നീട്ടിവെച്ച ഉപഭോക്താക്കള്‍ വെട്ടിലായി. നവംബര്‍ അഞ്ചിന് 89,080 രൂപ വരെ കുറഞ്ഞതിന് ശേഷമാണ് പവന്‍ വില തിരിച്ചുകയറിയത്.

ഏഴ് ദിവസത്തില്‍ പവന്‍ വിലയിലെ വര്‍ദ്ധന - 3,200 രൂപ