ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും  അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

Wednesday 12 November 2025 1:04 AM IST

കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും പ്രായമേറിയ സ്ത്രീകൾക്ക് മക്കളിൽ നിന്ന് ജീവിതച്ചെലവ് ആവശ്യപ്പെടാൻ അവകാശമുണ്ടെന്ന് ഹൈക്കോടതി. വരുമാനമാർഗമില്ലാത്ത അമ്മയ്‌ക്ക് ജീവിതച്ചെലവ് നൽകേണ്ടത് മക്കളുടെ നിയമപരവും ധാർമ്മികവുമായ കടമയാണെന്നും കോടതി പറഞ്ഞു.

മാതാവിന് പ്രതിമാസം ജീവിതച്ചെലവ് നൽകാൻ ഉത്തരവിട്ട തിരൂർ കുടുംബക്കോടതി ഉത്തരവിനെതിരെ മലപ്പുറം വെളിയംകോട് സ്വദേശി നൽകിയ റിവിഷൻ ഹർജി തള്ളിയാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ഉത്തരവ്. ഗൾഫുകാരനായ മകനിൽ നിന്ന് മാസം 25,000 രൂപ ജീവനാംശം തേടിയാണ് മാതാവ് കുടുംബക്കോടതിയെ സമീപിച്ചത്. പ്രതിമാസം 5000 രൂപ വീതം മകൻ നൽകണമെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

തനിക്ക് ഭാര്യയെയും കുട്ടിയെയും സംരക്ഷിക്കേണ്ടതിനാൽ മാതാവിന് തുക നൽകാനാകില്ലെന്ന് ഹൈക്കോടതിയിൽ ഹർജിക്കാരൻ വാദിച്ചു. മത്സ്യബന്ധന ബോട്ടിൽ ജോലിചെയ്യുന്ന പിതാവിന് വരുമാനമുണ്ട്. അമ്മ കന്നുകാലി വളർത്തലിലൂടെ വരുമാനമുണ്ടാക്കുന്നുണ്ടെന്നും വാദിച്ചു. എന്നാൽ, 60കഴിഞ്ഞ അമ്മ കാലി വളർത്തി ജീവിക്കട്ടെയെന്ന് പറയുന്നത് ദൗർഭാഗ്യകരമാണെന്ന് കോടതി പറഞ്ഞു. ഹർജിക്കാരൻ മാതാവിന്റെ ക്ഷേമം അവഗണിക്കുകയാണ്. ഭാര്യയും മക്കളുമുണ്ടെന്ന് പറഞ്ഞ് വൃദ്ധമാതാക്കളുടെ സംരക്ഷണത്തിൽ നിന്ന് മക്കൾക്ക് ഒളിച്ചോടാനാകില്ല. ഭാരതീയ നാഗരിക സുരക്ഷാ സംഹിത പ്രകാരം ഇത് മക്കളുടെ നിയമപരമായ ബാദ്ധ്യത കൂടിയാണ്.