പ്രചാരണ ആവേശത്തിൽ തിരുമലയും

Thursday 13 November 2025 1:09 PM IST

തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് തങ്ങളുടെ കോട്ടയായിരുന്ന തിരുമല വാർഡ് തിരിച്ചുപിടിക്കുമെന്ന വാശിയിലാണ് എൽ.ഡി.എഫ്. പത്തുവർഷംമുൻപ് അലയടിച്ച മോദി തരംഗത്തിന്റെ പിൻബലത്തോടെ നേടിയ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിൽ ബി.ജെ.പി. കാൽപതിറ്റാണ്ട് മുൻപ് 'കൈ"വിട്ടുപോയ വാർഡിൽ ഭരണം ഉറപ്പിക്കുമെന്ന ആത്മവിശ്വാസത്തിൽ യു.ഡി.എഫും. തദ്ദേശതിരഞ്ഞെടുപ്പിൽ തിരുമല വാർഡ് നിർണായകമാകുന്നത് ഇങ്ങനെയാണ്. വനിതാസംവരണ വാർഡാണ് ഇക്കുറി തിരുമല.

മുൻ വലിയവിള വാർഡ് കൗൺസിലറും ജനസമ്മതയുമായ ദേവിമയാണ് തിരുമലയിലെ ബി.ജെ.പി സ്ഥാനാർത്ഥി. വലിയവിളയിലാണ് താമസമെങ്കിലും തിരുമലക്കാർക്കും ദേവിമ പരിചിതയാണ്. വികസനത്തിന് ഊന്നൽനൽകുന്ന പ്രവർത്തനങ്ങൾക്കാണ് മുൻഗണനയെന്ന് ദേവിമ പറയുന്നു. കോളേജിൽ എ.ബി.വി.പി പ്രവ‌ർത്തകയായിരുന്നു. മുൻ വാർഡ് കൗൺസിലർ അനിൽകുമാറിന്റെ ആത്മഹത്യ ഉൾപ്പെടെയുള്ള വിഷയങ്ങളാണ് ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റിൽ ഇളക്കംതട്ടുമോയെന്ന് നിർണയിക്കുന്നത്.

എസ്.എഫ്.ഐയിലൂടെ ആർജിച്ച സംഘടനാപ്രവർത്തനമാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ ഗംഗയ്ക്ക് കരുത്ത്. പൊതുപ്രവർത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറിയുമായ തിരുമല പപ്പന്റെ മകളാണ്. കണ്ണശാമിഷൻ സ്കൂളിലെ ഇംഗ്ലീഷ് അദ്ധ്യാപികയാണ് ഗംഗ. സാധാരണക്കാരുടെ പ്രശ്നങ്ങൾക്ക് മുൻഗണനനൽകി എൽ.ഡി.എഫിന് നഷ്ടപ്പെട്ട വാർഡ് തിരിച്ചുപിടിക്കാനാണ് ഗംഗയുടെ ശ്രമം.തിരുമലയിൽതന്നെ ജനിച്ചുവളർന്ന ഗംഗയ്ക്ക് സ്വന്തം വീട്ടിലൊരാൾ എന്ന ഇമേജും വോട്ടർമാർക്കിടയിലുണ്ട്.

രണ്ടുപാർട്ടികളും നാടിന് സമ്മാനിച്ച പ്രഹരത്തെ മറികടക്കാനാണ് ശ്രമമെന്ന് വി.കെ ഓഡിറ്റോറിയത്തിന്റെ മാനേജർ കൂടിയായ കോൺഗ്രസ് സ്ഥാനാർത്ഥി മഞ്ജുളാദേവി പറയുന്നു. മുൻപ് തിരുമല കാർത്തികാകല്യാണമണ്ഡപത്തിലെ മാനേജറായിരുന്നു. കോൺഗ്രസ് കുടുംബത്തിൽ നിന്നുവരുന്ന മഞ്ജുള 20വർഷമായി തിരുമലയിലെ സജീവപ്രവർത്തകയാണ്. മുതിർന്ന നേതാക്കളുടെ പിൻബലവും യുവതയുടെ പിന്തുണയുമാണ് കുശക്കോട് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന മഞ്ജുളയ്ക്ക് മത്സരിക്കാനുള്ള ഊർജം.