എസ്.ഐ.ആർ തദ്ദേശ ഇലക്ഷനെ ബാധിക്കില്ല,​ബൂത്തുകളിൽ സൗകര്യങ്ങൾ കൂട്ടും

Wednesday 12 November 2025 12:12 AM IST

തിരുവനന്തപുരം: വാർഡ് പുനർനിർണയവും കേന്ദ്ര ഇലക്ഷൻ കമ്മിഷന്റെ എസ്.ഐ.ആർ ഉണ്ടാക്കിയ ആശയക്കുഴപ്പവും അതിജീവിച്ചാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ. ഷാജഹാൻ തദ്ദേശ തിരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കുന്നത്. പരാതികളില്ലാതെ വാർഡ് പുനർനിർണയം നടത്തി. സമാന രീതിയിൽ വോട്ടർപട്ടിക പരിഷ്കരണവും. അതിന്റെ ചാരിതാർത്ഥ്യത്തോടെയാണ് തദ്ദേശ വോട്ടെടുപ്പ് നടപടിയിലേക്ക് കടക്കുന്നത്. 23,500ലേറെ വാർഡുകളിൽ തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നത് വലിയ ദൗത്യമാണ്. അതീവ സങ്കീർണമാണ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രക്രിയ. എ. ഷാജഹാൻ കേരളകൗമുദിയോട് സംസാരിക്കുന്നു.

എസ്.ഐ.ആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കുമോ?

ഒരുതരത്തിലും ബാധിക്കില്ല. അതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുമായി ചേർന്ന് കളക്ടർമാരുടെ യോഗം വിളിച്ച് ചർച്ച ചെയ്തിരുന്നു. ആശങ്കകൾ പരിഹരിച്ചു. അതിനുശേഷം ഒരു പരാതിയും ഉയർന്നതായി അറിവില്ല. തദ്ദേശ തിരഞ്ഞെടുപ്പ് നടത്താൻ 70,000 പൊലീസ് ഉദ്യോഗസ്ഥരും 2.5 ലക്ഷം ജീവനക്കാരും വേണം. അത് കിട്ടിയിട്ടുണ്ട്. ഇലക്ഷൻ സുഗമമായി നടക്കും.

വോട്ടർപട്ടികയിൽ ഇനിയും പേരുചേർക്കാനാകുമോ?

വോട്ടർപട്ടികയിൽ പേരുചേർക്കാൻ നിരവധി അവസരങ്ങൾ നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമ വോട്ടർപട്ടിക തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കുന്ന നവംബർ 14ന് പ്രസിദ്ധീകരിക്കും. ഇനിയും പേരുചേർക്കാൻ ആരെങ്കിലും ഉണ്ടെന്ന് കരുതുന്നില്ല.

ഇരിപ്പിടമടക്കം പോളിംഗ് ബൂത്തുകളിൽ കൂടുതൽ സൗകര്യമൊരുക്കുമോ?

ഹൈക്കോടതി നിർദ്ദേശമനുസരിച്ച് വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ സൗകര്യങ്ങൾ കൂട്ടും. വോട്ടർമാർക്ക് സൗകര്യപ്രദമായ രീതിയിലാണ് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കുന്നത്. വൈദ്യുതി, കുടിവെളളം, റാമ്പ്, സുഗമമായ വോട്ടിംഗിംനും വിശ്രമിക്കുന്നതിനുമുള്ള സൗകര്യം എന്നിവ ഏർപ്പെടുത്തും. വാർഡ് പുന:സംഘടനയും അതിനനുസൃതമായി വോട്ടർമാരുടെ പട്ടികയും തയ്യാറാക്കിയതിനാൽ ഇത്തവണ വീടിനടുത്തു തന്നെ വോട്ടു ചെയ്യാൻ അവസരം കിട്ടും. തിരക്കും കുറവായിരിക്കും.

സംഘർഷ ബാധിതമായ എത്ര പോളിംഗ് സ്റ്റേഷനുകളുണ്ട്?

കൃത്യമായ കണക്ക് എടുത്തിട്ടില്ല. തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന അവസരങ്ങളിലുണ്ടാകുന്ന സാഹചര്യങ്ങളും സംഘർഷങ്ങളും പൊലീസ് റിപ്പോർട്ടുകളും വരണാധികാരികൾ നൽകുന്ന വിവരങ്ങളുടേയും അടിസ്ഥാനത്തിലാകും അത് നിർണയിക്കുക. അത്തരം ബൂത്തുകളിൽ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തും. കഴിഞ്ഞ തവണ 1800 സംഘർഷ ബാധിത ബൂത്തുകൾ ഉണ്ടായിരുന്നു.

സുരക്ഷയ്ക്ക് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിനെക്കൂടി നിയോഗിക്കുമോ?

ഇല്ല. സംസ്ഥാന പൊലീസിന്റെ സഹായത്തോടെയാകും ഇലക്ഷൻ പൂർത്തിയാക്കുക. തിര‌ഞ്ഞെടുപ്പിന്റെ ഒരു ഘട്ടത്തിന് 35,000 സുരക്ഷാ ഉദ്യോഗസ്ഥരുടെ സേവനം വേണ്ടിവരുമെന്നാണ് കണക്ക്. അത് സംസ്ഥാന പൊലീസിൽ നിന്ന് ലഭ്യമാക്കും.

പ്രായമായവർക്കും കിടപ്പുരോഗികൾക്കും വീട്ടിലിരുന്ന് വോട്ടുചെയ്യാൻ അവസരം നൽകുമോ?

ഇത്തവണ അത്തരം സംവിധാനങ്ങളില്ല. എല്ലാവരും പോളിംഗ് ബൂത്തുകളിൽ എത്തി വോട്ട് ചെയ്യേണ്ടിവരും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൊവിഡ് കണക്കിലെടുത്താണ് വീട്ടിൽ വോട്ട് ചെയ്യാൻ പ്രത്യേക സൗകര്യമൊരുക്കിയത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ളവർക്ക് പോസ്റ്റൽ വോട്ട് സൗകര്യം നൽകും.