അന്ധവിശ്വാസ വിരുദ്ധ നിയമം: ചീഫ് സെക്രട്ടറി വിശദീകരണം നൽകണം

Wednesday 12 November 2025 12:15 AM IST

കൊച്ചി: സംസ്ഥാനത്ത് അന്ധവിശ്വാസ വിരുദ്ധ നിയമ നിർമ്മാണത്തിന് നപടികൾ വിശദീകരിച്ച് ചീഫ് സെക്രട്ടറി വെള്ളിയാഴ്ച സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അദ്ധ്യക്ഷനായ ബെഞ്ചിൽ ഇന്നലെ വിഷയം പരിഗണിച്ചപ്പോൾ വിശദീകരണത്തിന് സർക്കാർ സമയം തേടുകയായിരുന്നു. നിയമ നിർമ്മാണവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നിയമോപദേശം നൽകിയിരുന്നു.

ഇതര സംസ്ഥാനങ്ങളുടെ നിയമങ്ങളും നിയമപരിഷ്‌കരണ സമിതി ശുപാർശയും പരിഗണിച്ച് കേരളത്തിന് യോജിച്ച നിയമം കൊണ്ടുവരാൻ കമ്മിറ്റിയെ വയ്‌ക്കണമെന്നാണ് എ.ജി നിർദ്ദേശിച്ചത്. കേരള യുക്തിവാദി സംഘം സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിക്കുന്നത് മന്ത്രിസഭയിലെ ആശയക്കുഴപ്പം കാരണം മാറ്റിവച്ച മന്ത്രവാദ, ആഭിചാര നിരോധന ബില്ലിന് പകരം അന്ധവിശ്വാസ വിരുദ്ധ നിയമം കൊണ്ടുവരാനാണ് സർക്കാർ ആലോചിക്കുന്നത്.