യുവാക്കൾക്ക് വെട്ടേറ്റു
Wednesday 12 November 2025 12:30 AM IST
കൊല്ലം: ഗുണ്ടകളുടെ ആക്രമണത്തിൽ മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു. പെരുമ്പുഴ സെറ്റിൽമെന്റ് നഗറിലെ അനു ഏലായാസ് (36), ഗോപകുമാർ (36), ആലുംമൂട് തൊടിയിൽ പുത്തൻവീട്ടിൽ ജോൺ (28) എന്നിവർക്കാണ് വെട്ടേറ്റത്. ഒപ്പമുണ്ടായിരുന്ന വിഷ്ണു, അഭിജിത്ത് എന്നിവർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം 10.30 ഓടെ പെരുമ്പുഴ സെറ്റിൽമെന്റ് നഗറിലായിരുന്നു സംഭവം. 15 അംഗം സംഘമാണ് ആക്രമണം നടത്തിയത്. സമീപവാസിയായ ജിബിൻ എന്ന ആളുടെ വീട് കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ട സംഘം അനുവിന്റെ അയൽവാസിയായ അഭിജിത്തിനെ ഓട്ടോറിക്ഷയിൽ കയറ്റി മർദ്ദിച്ചു. നിലവിളി കേട്ട് മറ്റുള്ളവർ എത്തിയപ്പോൾ ആക്രമിക്കുകയായിരുന്നു. ഇളമ്പള്ളൂർ സ്വദേശികളായ റിയാസ്, ഷംനാദ്, സെയ്ദ്, നിയാസ്, സുൽത്താൻ എന്നിവരുൾപ്പടെ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ കുണ്ടറ പൊലീസ് കേസെടുത്തു.