ശബരിമല സ്വർണക്കൊള്ള കരുതലോടെ അന്വേഷണം, വമ്പന്മാർ അകത്തേക്ക്

Wednesday 12 November 2025 12:32 AM IST

തിരുവനന്തപുരം: വളരെ കരുതലോടെയാണ് ശബരിമല സർണക്കൊള്ളയുടെ അന്വേഷണ സംഘം നീങ്ങുന്നത്. ഔദ്യോഗിക രേഖകളിൽ തിരുത്തൽ വരുത്തിയത് സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കാനാണെന്നാണ് എസ്.ഐ.ടിയുടെ നിഗമനം. ഇതിന് ആധാരമായ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. കട്ടിളപ്പടി മറിമായം നടന്ന സമയത്ത് സി.പി.എം പത്തനംതിട്ട ജില്ലാക്കമ്മിറ്റിയംഗം എ.പത്മകുമാറായിരുന്നു ബോർഡ് പ്രസിഡന്റ്. തുടർന്നു പ്രസിഡന്റായ വാസുവും സി.പി.എം നോമിനിയാണ്. ദേവസ്വം കമ്മിഷണറായിരുന്ന വാസു 2019മാർച്ച് 14ന് ചുമതലയൊഴിഞ്ഞു. പിന്നീട് ബോർഡ് പ്രസിഡന്റായി ചുമതലയേറ്റത് നവംബറിലാണ്. എന്നാൽ, സ്വർണക്കൊള്ളയ്ക്ക് വഴിതുറന്നത് സ്വർണം പൊതിഞ്ഞ ചെമ്പുപാളികൾ വെറും ചെമ്പുപാളികളാക്കിയ വാസുവിന്റെ വിദ്യയാണെന്നാണ് എസ്.ഐ.ടിയുടെ പ്രാഥമിക നിഗമനം. കട്ടിളയിലെ സ്വർണക്കൊള്ളക്കേസിൽ എട്ടാംപ്രതിയായി 2019ലെ ബോർഡ് അംഗങ്ങളുമുണ്ട്. ഇവരെയും ഉടൻ പിടികൂടുമെന്നാണ് സൂചന. പദ്മകുമാർ പ്രസിഡന്റായിരുന്നപ്പോഴും കമ്മിഷണറായിരുന്ന വാസുവായിരുന്നു സാരഥി. കമ്മിഷണർ സ്ഥാനമൊഴിഞ്ഞ് മാസങ്ങൾക്കകം ബോർഡ് പ്രസിഡന്റായി തിരിച്ചെത്തുകയും ചെയ്തു.

രാഷ്ട്രീയ നേതാക്കളും അറസ്റ്റിന്റെ നിഴലിലാണ്. രണ്ടുവട്ടം ദേവസ്വം കമ്മിഷണറും പിന്നീട് ബോർഡ് പ്രസിഡന്റുമായ വാസു സി.പി.എം നേതൃത്വത്തിന്റെ വിശ്വസ്തനാണ്. കൊട്ടാരക്കര പൂവറ്റൂർ സ്വദേശിയായ വാസു 2006-11കാലത്ത് മന്ത്രി പി.കെ.ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഏറെക്കാലം കുളക്കട പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വിജിലൻസ് ട്രൈബ്യൂണൽ അംഗമായിരുന്നു. നിലവിൽ വഞ്ചിയൂർ കോടതിയിൽ അഭിഭാഷകനാണ്. ദേവസ്വം കമ്മിഷണറായിരുന്ന ഒരാൾ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തേക്കെത്തുന്നത് ആദ്യമായാണ്. ശബരിമലയിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ ഇംഗിതത്തിന് അനുസരിച്ചാണ് വാസു പ്രവർത്തിച്ചതെന്നാണ് എസ്.ഐ.ടിയുടെ നിഗമനം.

എല്ലാം വാസുമയം

സ്വർണപ്പാളികൾ കൈമാറിയതിലെ നടപടികളെല്ലാം എൻ.വാസുവിന്റെ അറിവോടെയാണെന്നാണ് അറസ്റ്റിലായ മുൻ എക്സിക്യുട്ടീവ് ഓഫീസർ സുധീഷ് കുമാറും മുൻ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരിബാബുവും മൊഴി നൽകിയത്. മുൻ തിരുവാഭരണം കമ്മിഷണർ കെ.എസ്.ബൈജുവിന്റെ മൊഴിയും വാസുവിന് എതിരാണ്. ഉണ്ണികൃഷ്ണൻ പോറ്റിയും വാസുവിന്റെ ഇടപെടലുകളെക്കുറിച്ച് മൊഴി നൽകിയെന്നാണ് അറിയുന്നത്.

സ്വർണക്കൊള്ള കേ​സു​ക​ളി​ലെ​ ​പ്ര​തി​യാ​യ​ ​സു​ധീ​ഷ് ​കു​മാ​ർ​ ​വാ​സു​വി​ന്റെ​ ​പേ​ഴ്സ​ണ​ൽ​ ​അ​സി​സ്റ്റ​ന്റു​മാ​യി​രു​ന്നു.​ ​സ്വ​ർ​ണം​ ​പൊ​തി​ഞ്ഞ​ ​ക​ട്ടി​ള​പ്പാ​ളി​ക്ക് 42.100​ ​കി​ലോ​ ​ഭാ​ര​മു​ണ്ടാ​യി​രു​ന്നു.​ ​സ്മാ​ർ​ട്ട് ​ക്രി​യേ​ഷ​ൻ​സി​ലെ​ത്തി​ച്ച് ​ഇ​തി​ൽ​ ​നി​ന്ന് 409​​ഗ്രാം​ ​സ്വ​ർ​ണം​ ​വേ​ർ​തി​രി​ച്ചു. ശ്രീകോവിലിന്റെ കതകും അടിച്ചുമാറ്റിയതായാണ് ഹൈക്കോടതി സംശയമുന്നയിച്ചത്. ഇതേക്കുറിച്ചടക്കം വിശദമായി അന്വേഷണം നടക്കുകയാണ്.