ദേശീയപാത വികസനം: ജീവനെടുത്തത് സുരക്ഷാ വീഴ്ച
കൊല്ലം: ദേശീയപാത നിർമ്മാണത്തിൽ ആവശ്യമായ സുരക്ഷ ഉറപ്പാക്കാതിരുന്നതാണ് ഇന്നലെ കുരീപ്പുഴ പാലത്തിന് സമീപം നിർമ്മാണ കമ്പിനിയുടെ തൊഴിലാളിയുടെ ദാരുണാന്ത്യത്തിന് ഇടയാക്കിയത്.
മണ്ണിട്ട് ഉറപ്പിക്കുമ്പോൾ ടെക്നിക്കൽ സൂപ്പർവൈസർ സ്ഥലത്തുണ്ടാകണമെന്നാണ് ചട്ടം. എന്നാൽ ഇന്നലെ കുരീപ്പുഴ പാലത്തിന്റെ ബ്രിഡ്ജ് അപ്രോച്ച് മണ്ണിട്ട് നിറയ്ക്കുമ്പോൾ സൂപ്പർവൈസർ സ്ഥലത്തുണ്ടായിരുന്നില്ല. ടിപ്പർ ലോറികൾ കൊണ്ടുവന്ന് തട്ടുന്ന മണ്ണ് മാർഗനിർദ്ദേശങ്ങളൊന്നുമില്ലാതെ ഗ്രേഡർ യന്ത്രത്തിന്റെ ഡ്രൈവർ നിരപ്പാക്കി ഉറപ്പിക്കുകയായിരുന്നു. ടിപ്പർ ലോറികൾ ഇടയ്ക്ക് വരാതിരുന്നപ്പോഴാകാം ഹെൽപ്പർ മുഹമ്മദ് ജുബ്രേൽ സ്ഥലത്ത് കിടന്നുറങ്ങിയത്. സ്ഥലത്ത് സൂപ്പർവൈസർ ഉണ്ടായിരുന്നെങ്കിൽ മുഹമ്മദ് ജുബ്രേലിന്റെ ശരീരത്തിൽ മണ്ണിട്ട് മൂടുന്ന അവസ്ഥ ഉണ്ടാകുമായിരുന്നില്ല.
സംഭവിച്ച വീഴ്ചകൾ
ആവശ്യത്തിന് പ്രകാശം സജ്ജമാക്കിയില്ല ടെക്നിക്കൽ സൂപ്പർവൈസർ ഇല്ലായിരുന്നു ഹെൽപ്പർക്ക് ഹെഡ് ടോർച്ച് നൽകിയില്ല ഗ്ലിറ്ററിംഗ് ഓവർകോട്ട് ധരിച്ചില്ല
ഹെൽപ്പറെ കാണാതായിട്ടും അന്വേഷിച്ചില്ല
അപകടങ്ങൾ തുടർക്കഥ
ദേശീയപാത നിർമ്മാണത്തിനിടയിൽ തൊഴിലാളികൾ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാവുകയാണ്. കരാർ കമ്പനി യാതൊരു സുരക്ഷയും ഉറപ്പാക്കാതെയാണ് തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നത്. ചാത്തന്നൂരിലും കൊട്ടിയത്തും കാവനാടും ബീമുകൾ തകർന്ന് വീണ് തൊഴിലാളികൾക്ക് പരിക്കേറ്റിരുന്നു. കാവനാടിന് സമീപത്ത് വച്ച് ജെ.സി.ബിയുടെ ബക്കറ്റ് തട്ടി ഇതര സംസ്ഥാന തൊഴിലാളി മരിച്ചിരുന്നു.
യാത്രക്കാരുടെ ജീവന് പുല്ലുവില
നിർമ്മാണ കമ്പനി യാത്രക്കാരുടെ ജീവന് പുല്ലുവില പോലും കൽപ്പിക്കാതെയാണ് നിർമ്മാണം മുന്നോട്ടുകൊണ്ടുപോകുന്നത്. നിർമ്മാണത്തിന്റെ ഭാഗമായി വലിയ കുഴികളെടുത്തിടത്ത് കാര്യമായ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാറില്ല. സർവീസ് റോഡിലെ കുഴികൾ അടയ്ക്കാറില്ല. വെള്ളക്കെട്ട് ഒഴിവാക്കാനും നടപടിയില്ല. നിർമ്മാണം പൂർത്തിയാകാത്തതിനാൽ അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടില്ല.
എൻ.എച്ച്.എ.ഐ സുരക്ഷാ നിർദ്ദേശങ്ങൾ മണ്ണിടിച്ചിൽ ഒഴിവാക്കാനുള്ള പ്രവൃത്തികൾ പൂർത്തിയാക്കണം നിർമ്മാണ മേഖലയിൽ പട്രോളിംഗ് നടത്തണം സംഘത്തിൽ പ്രത്യേക പരിശീലനം ലഭിച്ചവരുണ്ടാകണം റോഡിന്റെ ഉപരിതലം സുരക്ഷിതമായിരിക്കണം നിർമ്മാണ സാമഗ്രികളും അവശിഷ്ടങ്ങളും റോഡിൽ ഇടരുത് വാഹനങ്ങൾ തെന്നുന്ന തരത്തിൽ ചെളിയുണ്ടാകരുത് അപകടങ്ങളിൽ അടിയന്തര ഇടപെടൽ നടത്തണം ആംബുലൻസ്, ട്രോമകെയർ സേവനങ്ങൾ ഉറപ്പാക്കണം അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ മുൻകരുതൽ സുരക്ഷാ ക്രമീകരണങ്ങളും മുന്നറിയിപ്പുകളും സ്ഥാപിക്കണം വെള്ളക്കെട്ട് നിരീക്ഷിക്കണം