കൊച്ചിയിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്നർ ഭാഗങ്ങൾ കോവളത്ത്

Wednesday 12 November 2025 12:33 AM IST

വിഴിഞ്ഞം: കഴിഞ്ഞ മേയ് 25 ന് കൊച്ചിയിൽ കടലിൽ മുങ്ങിയ എം.എസ്.സി എൽസ- 3യുടേതെന്ന് കരുതുന്ന കണ്ടെയ്നറുകളുടെ ഭാഗങ്ങൾ കോവളം ഭാഗത്തെ കടലിനടയിൽ കണ്ടെത്തി.

കോവളം അശോക ബീച്ചിനടുത്തുള്ള കടലിൽ പണിയെടുക്കുന്ന ചിപ്പിത്തൊഴിലാളികൾ നൽകിയ സൂചനയെത്തുടർന്ന് രണ്ടു ദിവസമായി നടത്തിയ തെരച്ചിലിലാണ് കണ്ടെത്തൽ. കോവളത്തെ മൂക്കം മലയുടെ തുടർച്ചയായി കടലിനടിയിലുള്ള പാറപ്പാരുകൾക്കിടയിലായി മണ്ണിൽ പുതഞ്ഞ നിലയിലാണ് ഇവ കിടക്കുന്നത്. ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്, സ്കൂബാ കൊച്ചിൻ എന്നിവരാണ് തെരച്ചിലിനു നേതൃത്വം നൽകിയത്. റോബർട്ട് പനിപിള്ള,പ്രൊഫസർ ജോർജ് തോമസ്, ചാൾസ്,അമ്പാടി വിനോദ്,ആദിത്യൻ എന്നീ സ്‌ക്യൂബാ ഡൈവർമാർ തെരച്ചിലിൽ പങ്കെടുത്തു. കണ്ടെത്തിയ അവശിഷ്ടത്തിന് 3 മീറ്റർ നീളവും 2.45 മീറ്റർ വീതിയും ഏറ്റവും ഉയർന്ന ഭാഗത്തിന് 2 മീറ്റർ ഉയരവുമുണ്ട്.

TGHU 99 1951 [5] എന്നതാണ് കണ്ടെയ്നറിലെ നമ്പർ. ഇത് മുങ്ങിയ എൽസ- 3 യുടെ കാർഗോയിൽ ഉൾപ്പെട്ടതാണോയെന്നും, എന്തു തരം വസ്തുക്കളാണ് കയറ്റിയിരുന്നതെന്നും കാർഗോ മാനിഫെസ്റ് പരിശോധിച്ച് അധികൃതർ വെളിപ്പെടുത്തണമെന്ന് എഫ്.എം.എൽ

ചീഫ് കോ -ഓർഡിനേറ്റർ റോബർട്ട് പനിപിള്ള ആവശ്യപ്പെട്ടു.

ഫോട്ടോ: കോവളം ഭാഗത്തെ കടലിനടിയിൽ കണ്ടെത്തിയ കണ്ടെയ്നർ ഭാഗങ്ങൾ.