സൗഹൃദ സംഭാഷണങ്ങളോടെ കൗൺസിലർമാരുടെ പടിയിറക്കം
കൊല്ലം: കൗൺസിലർമാർക്ക് നന്ദി പറയുന്നതിനും ഓർമ്മകൾ പങ്കുവയ്ക്കുന്നതിനുമുള്ള ഇടമായി അവസാനം ചേർന്ന കൗൺസിൽ യോഗം. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നെങ്കിലും ഭരണസമിതി കാലാവധിക്കുള്ളിലെ പൊതുചർച്ചയില്ലാതെ നടക്കുന്ന അവസാന കൗൺസിൽ യോഗമാണ് കഴിഞ്ഞ ദിവസം ചേർന്നത്.
എല്ലാ ഡിവിഷനുകളും ഒരുപോലെ കണ്ട് വേർതിരിവ് കാണിക്കാതെ വികസനങ്ങൾ കൊണ്ടുവന്നതായും കൂടെ പ്രവർത്തിച്ച കൗൺസിലർമാർക്കും കോപ്പറേഷനിലെ ഉദ്യോഗസ്ഥർക്കും നന്ദി അറിയിക്കുന്നതായും മേയർ ഹണി ബെഞ്ചമിൻ പറഞ്ഞു. അതേസമയം പഠനയാത്രകളോ മറ്റ് ടൂറുകളോ നടത്താൻ കഴിയാത്തതിന്റെ നിരാശയും മേയർ പങ്കുവച്ചു. ചുരുക്കം ചില വാഗ്വാദങ്ങളൊഴിച്ചാൽ കൗൺസിൽ ഉൾപ്പടെ നടന്നിട്ടുള്ളത് മാതൃകാപരമായ നിലവാരത്തിലാണെന്നും നല്ല കുറേ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ടെന്നും ഡെപ്യൂട്ടി മേയർ എസ്.ജയൻ പറഞ്ഞു.
പൊതുപ്രവർത്തനം പട്ടുമെത്തയല്ലെന്നും കല്ലുംമുള്ളും നിറഞ്ഞതാണെന്നും മുൻ മേയർ പ്രസന്ന ഏണസ്റ്റ്. സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങളാണ് കാഴ്ചവച്ചതെന്നും മറ്റു കോർപ്പറേഷനുകൾക്ക് മാതൃകയാക്കാൻ കഴിയുന്നതരത്തിൽ കുടിവെള്ളം, മാലിന്യം, തെരുവ് വിളക്ക് എന്നിവയിൽ മികച്ച പരിഹാരം കാണാൻ കഴിഞ്ഞു. മത്സരരംഗത്തേക്ക് ഇല്ലെങ്കിലും രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും മനസിൽ ഉണ്ടായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
കോർപ്പറേഷന് കീഴിൽവരുന്ന മുഴുവൻ വാർഡുകളിലും വികസനമെത്തിക്കാൻ കഴിഞ്ഞെന്ന ചാരിതാർഥ്യമാണ് മുന്നിലുള്ളതെന്ന് മുൻ ഡെപ്യൂട്ടി മേയർ മധു. വികസന നഗരമെന്ന മഹത്തായ സ്വപ്നവും പേറിയാണ് പ്രവർത്തിച്ചത്. സാമുദായിക സംഘടനകൾക്ക് വേണ്ടിയല്ല മനുഷ്യ നന്മയ്ക്ക് വേണ്ടി വേണം പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനാർത്ഥി പ്രഖ്യാപനം ഉൾപ്പടെയുള്ള തിരഞ്ഞെടുപ്പ് തിരുക്കൾക്കിടയിലാണ് കൗൺസിലമാർ യോഗത്തിന് എത്തിയത്. സമയക്കുറവ് മൂലം കൗൺസിലർ പ്രതിനിധികളായി ജോർജ്.ഡി.കാട്ടിൽ, ജി.സോമരാജൻ, എം.എച്ച്.നിസാമുദീൻ, എസ്.ഗീതാകുമാരി, അഡ്വ. ദി.ഉദയകുമാർ, സുജ.എ.നൗഷാദ് എന്നിവർ സംസാരിച്ചു.