യാത്രക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നത്തിനുള്ള പരിഹാരം; ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപയോഗിക്കേണ്ട സൂത്രം വെളിപ്പെടുത്തി ടിടിഇ

Wednesday 12 November 2025 10:22 AM IST

ട്രെയിനിൽ ദീർഘദൂര യാത്ര ചെയ്യുന്ന മുതിർന്ന പൗരന്മാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് ലോവർ ബെർത്ത് കിട്ടാത്തത്. മിഡിൽ ബെർത്ത് എങ്കിലും കിട്ടിയാൽ മതിയെന്നായിരിക്കും മിക്കവരും ചിന്തിക്കുക. എന്നാൽ പലപ്പോഴും കിട്ടുക അപ്പർ ബെർത്തായിരിക്കും. ടോയ്‌ലറ്റിൽ പോകാനും മറ്റും ഇടയ്ക്കിടെ കയറിയിറങ്ങാൻ വലിയ ബുദ്ധിമുട്ടായിരിക്കും.

ലോവറോ മിഡിലോ ബെർത്ത് കിട്ടാനുള്ള സൂത്രം പങ്കുവച്ചുള്ള ഒരു ടിടിഇയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ദിബ്രുഗഡ് രാജധാനി എക്സ്പ്രസിൽ നിന്നുള്ളതാണ് വീഡിയോ.

മുതിർന്ന പൗരന്മാരുടെ സംഘത്തിനടുത്ത് ടിക്കറ്റ് പരിശോധനയ്ക്ക് ചെന്നപ്പോഴുള്ളതാണ് ഈ വീഡിയോ. നാല് പേർക്കും ടിക്കറ്റ് ഉണ്ടായിരുന്നു. അവർക്ക് മിഡിൽ, അപ്പർ ബെർത്തുകളാണ് ലഭിച്ചത്. മുതിർന്ന പൗരന്മാർക്ക് ലോവർ ബെർത്തുകൾ ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് അവർ ടിടിഇയോട് ചോദിക്കുകയായിരുന്നു.

തുടർന്ന് അദ്ദേഹം ഒരു സൂത്രം അവർക്ക് പറഞ്ഞുകൊടുക്കുകയായിരുന്നു. ബുക്ക് ചെയ്യുന്ന സമയത്ത് രണ്ട് ടിക്കറ്റ് ഒരുമിച്ച് ബുക്ക് ചെയ്യുക. അപ്പോൾ ലോവർ ബെർത്ത് കിട്ടാനുള്ള സാദ്ധ്യത കൂടുതലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

'മൂന്നോ നാലോ മുതിർന്ന പൗരന്മാർ ഒരുമിച്ച് ടിക്കറ്റ് ബുക്ക് ചെയ്താൽ ലോവർ ബെർത്ത് ആനുകൂല്യം ലഭിക്കാൻ സാദ്ധ്യത വളരെക്കുറവാണ്. അതിനാൽ നാല് പേർ യാത്ര ചെയ്യുന്നുണ്ടെങ്കിൽ, രണ്ട് പേർക്ക് വീതം രണ്ട് തവണ ടിക്കറ്റുകൾ ബുക്ക് ചെയ്യുക.'- ടിടിഇ പറഞ്ഞു.