ശബരിമലയിലെ സ്വർണക്കൊള്ള; ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം തേടി എ പത്മകുമാർ

Wednesday 12 November 2025 10:41 AM IST

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സാവകാശം ആവശ്യപ്പെട്ട് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ. അടുത്ത ബന്ധു മരിച്ച സാഹചര്യത്തിലാണ് അദ്ദേഹം പുതിയ ആവശ്യവുമായി പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ചിരിക്കുന്നത്. അടുത്ത രണ്ടുദിവസത്തേക്ക് പത്മകുമാറിനെ ചോദ്യം ചെയ്യില്ലെന്നാണ് വിവരം. പത്തനംതിട്ട ക്രൈംബ്രാഞ്ചിന്റെ ഏതെങ്കിലും കേന്ദ്രത്തിലായിരിക്കും പത്മകുമാറിനെ ചോദ്യം ചെയ്യുക.

എൻ വാസുവിനെ അറസ്റ്റ് ചെയ്യാൻ ഇടയായ സാഹചര്യം പത്മകുമാറിന്റെ കാര്യത്തിലും നിലനിൽക്കുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. കട്ടിളപാളിയിലെ സ്വർണ കവർച്ചയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം വാസുവിനെ അറസ്റ്റ് ചെയ്തിരുന്നു. സ്വർണം പൊതിഞ്ഞ കട്ടിളപാളിയെ ചെമ്പ് എന്ന രേഖപ്പെടുത്തിയതും അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൊടുത്തുവിട്ടതും വാസുവിന്റെ നേതൃത്വത്തിലെന്നാണ് അന്വേഷണസംഘം കോടതിയെ അറിയിച്ചത്. ഈ സമയത്ത് പ്രസിഡന്റ് ആയിരുന്നത് പത്മകുമാറായിരുന്നു. കമ്മീഷണർ ആയിരുന്ന വാസു മുന്നോട്ടുവച്ച ഉത്തരവുകൾ പത്മകുമാർ അംഗീകരിച്ചതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. ഇതു ഗൂഢാലോചനയുടെ ഭാഗമായിട്ടാണോയെന്നാണ് അന്വേഷിക്കുന്നത്.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ അഴിമതി നിരോധന വകുപ്പ് കൂടി ചുമത്താൻ പ്രത്യേക അന്വേഷണ സംഘം പത്തനംതിട്ട കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും പ്രതിനിധികളും അഴിമതി നടത്തിയെന്ന് തെളിഞ്ഞതോടെ നിയമോപദേശം തേടിയിരിക്കുകയാണ്. ഈ വകുപ്പ് ചുമത്തിക്കഴിഞ്ഞാൽ പിന്നീട് കേസ് പരിഗണിക്കേണ്ടത് വിജിലൻസ് കോടതിയാണ്. അതിനാൽ കേസ് കൊല്ലം വിജിലൻസ് കോടതിയിലേക്ക് മാ​റ്റുന്നതിനുളള അപേക്ഷയും അന്വേഷണ സംഘം ഇന്നലെ കോടതിയിൽ സമർപ്പിച്ചിരുന്നു.