ഒന്നരക്കോടിയുടെ ഫ്ളാറ്റ്; പെൻസിൽ ഉപയോഗിച്ച് ഭിത്തി തുരന്ന് ഉടമ, വിവാദങ്ങൾക്ക് തുടക്കമിട്ട് വെളിപ്പെടുത്തൽ

Wednesday 12 November 2025 11:27 AM IST

പലരും തങ്ങളുടെ ജീവിതകാലത്തെ മുഴുവൻ സമ്പാദ്യവും ചെലവഴിച്ചാണ് മെട്രോപൊളിറ്റൻ നഗരങ്ങളിൽ ആഡംബര അപ്പാർട്ട്മെന്റുകൾ വാങ്ങുന്നത്. സുരക്ഷയും ഉയർന്ന നിലവാരമുള്ള നിർമ്മാണവും ഇവയ്‌ക്കുണ്ടെന്ന് നമ്മൾ വിശ്വസിക്കുന്നു. എന്നാൽ, നോയിഡയിലെ ഒരു ബഹുനില കെട്ടിടത്തിൽ നിന്നുള്ള വീഡിയോ ആ വിശ്വാസത്തിനു പ്രഹരം ഏൽപ്പിക്കുകയാണ്.

വീഡിയോയിൽ ഒരു യുവാവ് ഒന്നരക്കോടി രൂപ മുടക്കി വാങ്ങിയ തന്റെ ഫ്ലാറ്റിന്റെ ഭിത്തി എത്ര ദുർബലമാണെന്ന് വെളിപ്പെടുത്തുന്നു. അയാൾ ഒരു ചെറിയ പെൻസിൽ ഫ്ലാറ്റ‌ിന്റെ ഭിത്തിയിൽ വച്ച ശേഷം ചുറ്റിക ഉപയോഗിച്ച് ചെറുതായി അടിക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ അവിടെ ദ്വാരം ഉണ്ടാകുന്നു. പവർ ഡ്രില്ലർ പോലും ഉപയോഗിക്കാതെയാണ് ചെറിയൊരു പെൻസിൽ ഉപയോഗിച്ച് നിഷ്‌പ്ര‌യാസം ഭിത്തിയിൽ ദ്വാരം സൃഷ്ടിക്കുന്നത്. ഫ്ലാറ്റ‌‌ിലെ എല്ലാ ഭിത്തിയുടെയും അവസ്ഥ ഇതുതന്നെയാണെന്ന് യുവാവ് പറയുന്നു.

ഇന്റർനെറ്ര‌് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ് യുവാവിന്റെ വീഡിയോ. വിലയേറിയ ഭവന പദ്ധതികളിലെ നിർമ്മാണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചൂടേറിയ ചർച്ചകൾക്ക് ഇത് തുടക്കമിട്ടു. അവിടെ താമസിക്കുന്നവരുടെ ജീവന് എന്ത് സുരക്ഷയാണുള്ളതെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.

എന്നാൽ, ഇവ ഘടനാപരമല്ലാത്ത ഓട്ടോക്ലേവ്ഡ് എയറേറ്റഡ് കോൺക്രീറ്റ് (എഎസി) മതിലുകളാണെന്ന് ചിലർ വ്യക്തമാക്കി. ഉയർന്ന കെട്ടിടങ്ങളിൽ സുരക്ഷയ്ക്കും കാര്യക്ഷമതയ്ക്കും വേണ്ടി പലപ്പോഴും ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചാണ് ഇവ നിർമ്മിക്കുന്നത്.

അത്തരം ഭിത്തികൾ ദുർബലമല്ലെന്നും അവ ഭാരം കുറഞ്ഞതും, പരിസ്ഥിതി സൗഹൃദവും, അഗ്നി പ്രതിരോധശേഷിയുള്ളതും, നല്ല ഇൻസുലേഷൻ നൽകുന്നതുമാണെന്ന് മറ്റൊരാൾ പ്രതികരിച്ചു. അവയ്‌ക്ക് ഭാരം കുറവായതിനാൽ ഭൂകമ്പം പോലുള്ള പ്രകൃതി ദുരന്തങ്ങളിൽ നിന്നും കെട്ടിടത്തെ സുരക്ഷിതമാക്കുന്നുവെന്നും അത് തകർക്കുന്നതിലൂടെ സ്വന്തം വീടിന് കേടുപാടുകൾ വരുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.