കുവൈത്തിൽ എണ്ണ ഖനന കേന്ദ്രത്തിൽ അപകടം; തലയ്‌ക്ക് പരിക്കേറ്റ രണ്ട് മലയാളികൾ മരിച്ചു

Wednesday 12 November 2025 3:02 PM IST

കുവൈത്ത് സിറ്റി: കുവൈത്തിലെ അബ്‌ദല്ലിയിലെ എണ്ണ ഖനന കേന്ദ്രത്തിൽ ജോലി ചെയ്യുന്നതിനിടെ ഉണ്ടായ ദാരുണാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ജോലിക്കിടെ പെട്ടെന്നുണ്ടായ അപകടത്തിൽ തലയ്‌ക്ക് ഗുരുതര പരിക്ക് പറ്റിയതിനെത്തുടർന്നാണ് ഇരുവരും മരിച്ചത്.

തൃശൂർ നടുവിലെ പറമ്പിൽ നിഷിൽ സദാനന്ദൻ (40), കൊല്ലം സ്വദേശി സുനിൽ സോളമൻ (43) എന്നിവരാണ് മരിച്ചത്. ഇരുവരും എണ്ണ ഖനന മേഖലയിലുള്ള കരാർ തൊഴിലാളികളായിരുന്നു. മൃതദേഹം ജഹ്‌റ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന്റെ കൃത്യമായ കാരണത്തെക്കുറിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചു.