ഏലൂരിലുണ്ട് ഏയ്ഞ്ചലിന്റെ 'സ്വന്തം ട്രാൻസ്‌ഫോർമർ'

Thursday 13 November 2025 12:17 AM IST
തന്റെ പേര് രേഖപ്പെടുത്തിയ കെ.എസ്.ഇ.ബി ട്രാൻസ്ഫോർമറിന് മുന്നിൽ എയ്ഞ്ചൽ

കളമശേരി: മഞ്ഞുമ്മൽ അമ്പലത്തുപറമ്പിൽ ഏയ്ഞ്ചൽ (56) സ്വന്തം പേരിൽ കെ.എസ്.ഇ.ബി ട്രാസ്ഫോർമറുള്ള ഏക വ്യക്തിയായിരിക്കും. ഏലൂരിലെ ട്രാൻസ്ഫോർമറിന് കെ.എസ്.ഇ.ബി ജീവനക്കാരനായ ഏയ്ഞ്ചലിന്റെ പേര് നൽകിയിട്ട് കാൽനൂറ്റാണ്ടായി. സ്ഥാപനത്തിലെ സാധാരണ തൊഴിലാളിയുടെ പേര് ട്രാൻസ്ഫോർമറിന് നൽകിയത് അത്യപൂർവം.

ജോലിയിലെ അർപ്പണബോധം, കഠിനാദ്ധ്വാനം എന്നിവ കണക്കിലെടുത്ത് 2000ൽ അന്നത്തെ എ.ഇ പരമേശ്വരൻ നമ്പൂതിരിയാണ് മഞ്ഞുമ്മലിലെ എയർ ബ്രേക്ക് സിസ്റ്റത്തിന് ഏയ്ഞ്ചൽ എ.ബി ലെയ്ൻ എന്ന് ബോർഡ് വച്ചത്. പിന്നീട് ട്രാൻസ്ഫോർമർ സ്ഥാപിച്ചപ്പോൾ സഹപ്രവർത്തകർ അതേ പേര് ആവർത്തിച്ചു. ഏലൂരിൽനിന്ന് സ്ഥലമാറ്റമായി ഏതാനും നാൾ കഴിഞ്ഞാണ് ഏയ്ഞ്ചൽ പോലും വിവരമറിയുന്നത്.

സ്ഥലംമാറി എത്തുന്ന ഓഫീസിന്റെ പരിസരത്ത് ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നത് ഏയ്ഞ്ചലിന്റെ പതിവാണ്. കളമശേരിയിൽ നട്ട മാവിൽ നിറയെ മാങ്ങകളായി. പെരിന്തൽമണ്ണയിലും പിണറായിയിലുമെല്ലാം ഫലവൃക്ഷങ്ങൾ നട്ടുപിടിപ്പിച്ചിട്ടുണ്ട്. വർക്കറായി ജോലിയിൽ കയറി 29 വർഷത്തെ സർവീസ് പൂർത്തിയാക്കി സബ് എൻജിനിയർ (ഗ്രേഡ്) ആയി ഏതാനും മാസം മുമ്പ് പടിയിറങ്ങി.

മാതാവ് മേരി, ഭാര്യ എൽസി, മക്കളായ ആൻ മേരി, ആൻ റോസ്, ആൻ പ്രിയ എന്നിവരടങ്ങുന്നതാണ് കുടുംബം.

സഹപ്രവർത്തകർക്ക് രക്ഷകൻ,

ആവശ്യമെങ്കിൽ വെൽഡർ

ചെറായിയിൽ ജോലി ചെയ്യുമ്പോൾ കാൽ വഴുതി ഇലക്ട്രിക് പോസ്റ്റിൽ നിന്ന് താഴേക്കു പതിച്ച കരാർ ജീവനക്കാരനെ ഓടിയെത്തി കൈകളിൽ താങ്ങിയെടുത്ത് രക്ഷിച്ചത് ഏയ്ഞ്ചലിന്റെ ജീവിതത്തിൽ മറക്കാനാവാത്ത സംഭവമാണ്. ഇതിനിടെ ഏയ്ഞ്ചലിന്റെ നട്ടെല്ലിന്റെ കശേരുക്കൾ ഇളകി. ഇനി ഓടി നടക്കാനാവില്ലെന്ന് പലരും വിധിയെഴുതിയെങ്കിലും മനക്കരുത്തും ചികിത്സയും വിധി മാറ്റിയെഴുതി. ഏലൂരിൽ ജോലിക്കിടെ ഷോക്കേറ്റു വീണ ലൈൻമാൻ ബാബുവിന് കൃത്രിമ ശ്വാസോച്ഛാസം നൽകി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് മറ്റൊരു സംഭവം.

തന്റെ ജോലിയല്ലെങ്കിലും സെക്ഷനിൽ വെൽഡിംഗ് ആവശ്യമാണെന്നു കണ്ടാൽ ആരും പറയാതെ തന്നെ വെൽഡറായി മാറും ഏയ്ഞ്ചൽ. ഐ.ടി.ഐ വെൽഡർ കോഴ്സ് പാസായിട്ടുണ്ട്.