തോക്കുകൾക്കിനി വിശ്രമ കാലം

Thursday 13 November 2025 12:34 AM IST
തോക്കുകൾക്കിനി വിശ്രമ കാലം

കോലഞ്ചേരി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ തോക്കുകൾക്കിനി വിശ്രമ കാലം. പഴയ വീരകഥകൾ അയവിറക്കി പൊലീസിന്റെ സുരക്ഷയോടെയാണ് ഇനി തോക്കു വി.ഐ.പികളുടെ വാസം. പെരുമാ​റ്റച്ചട്ടം നിലവിൽ വന്ന അന്നു മുതൽ വ്യക്തികൾ കൈവശം വെക്കുന്ന തോക്ക് സറണ്ടർ ചെയ്യണമെന്നാണ് നിയമം. ഫലം പുറത്തു വരും വരെ തോക്കുകൾ സർക്കാർ കസ്​റ്റഡിയിലാകും.

അതാത് പൊലീസ് സ്​റ്റേഷനുകളിലോ അംഗീകൃത തോക്കു വ്യാപാരികളുടെ അടുത്തോ ആണ് സൂക്ഷിക്കേണ്ടത്. മിക്ക ലൈസൻസികളും പൊലീസ് സ്​റ്റേഷനിലാണ് ഇവ സൂക്ഷിക്കാറ്. എറണാകുളം റൂറൽ പരിധിയിൽ 1366 തോക്കുകൾക്ക് ലൈസൻസുണ്ട്. അതിൽ 1226 തോക്കുകളും സറണ്ടർ ചെയ്തു കഴിഞ്ഞു. മ​റ്റുള്ളവ ബാങ്കുകളിൽ സുരക്ഷക്കായി ഉപയോഗിക്കുന്നതാണ്. കളക്ടർ അദ്ധ്യക്ഷനായുള്ള സ്‌ക്രീനിംഗ് കമ്മി​റ്റിയുടെ അനുവാദത്തോടെ ഇത്തരം തോക്കുകൾ ഉപയോഗിക്കാം.

സറണ്ടർ ചെയ്തവയിൽ പിസ്​റ്റൾ, റൈഫിൾ, നാടൻ തോക്ക് എന്നിവയുണ്ട്. പഴയ നാടൻ തോക്ക് പ്രൗഢിയുടെ ഒരടയാളമായി കൊണ്ടു നടക്കുന്നതാണ്. ഇതുവരെ ഉപയോഗിക്കാത്ത തോക്കുകളുമുണ്ട്.

ഓരോ തിരഞ്ഞെടുപ്പു കാലത്തും തോക്ക് സറണ്ടർ ചെയ്യാനെത്തുന്ന ഉടമകൾ കണ്ടുമുട്ടുന്നതും പതിവാണ്. അങ്ങിനെ സുഹൃത്തുക്കളായവരും നിരവധി.

ലൈസൻസ് കിട്ടാൻ

പണി ഏറെയുണ്ട്

കൃഷി സംരക്ഷിക്കാനെന്ന പേരിലാണ് മിക്കവർക്കും ലൈസൻസ് നൽകുന്നത്. തോക്ക് ലൈസൻസ് നല്കുന്നതിനുള്ള അധികാരം എ.ഡി.എമ്മിനാണ്. ലൈസൻസെടുക്കൽ ചില്ലറ കളിയുമല്ല. തോക്ക് വാങ്ങുന്ന കടയുടെ എസ്​റ്റിമേ​റ്റ്, വില്പന സമ്മത പത്രം, ലൈസൻസ് ഫീസ് അടച്ചതിന്റെ ട്രഷറി ചെലാൻ, ജനന തീയതി തെളിയിക്കുന്ന രേഖ, തിരിച്ചറിയ കാർഡ് എന്നിവ സഹിതം കളക്ടറേ​റ്റിലാണ് അപേക്ഷ നല്‌കേണ്ടത്. പൊലീസ്, വനം വകുപ്പ്. റവന്യൂ വിഭാഗങ്ങളുടെ എൻ.ഒ.സി കൂടി ലഭിച്ചാലെ അപേക്ഷ എ.ഡി.എം പരിഗണിക്കൂ. ക്രിമിനൽ കേസിൽ പ്രതികളായവർക്കോ മാനസിക നില തകരാറുള്ളവർക്കോ ലൈസൻസ് ലഭിക്കില്ല.