ചൈന പെറ്റ് ഷോയിൽ കുസാറ്റ് പ്രതിനിധിയും
Thursday 13 November 2025 1:42 AM IST
കൊച്ചി: ഇന്നു മുതൽ 16 വരെ ചൈനയിലെ ഗ്വാങ്ഷൗവിൽ ചൈന ഇംപോർട്ട് ആൻഡ് എക്‌സ്‌പോർട്ട് ഫെയർ കോംപ്ലെക്‌സിൽ നടക്കുന്ന 29-ാമത് ചൈന ഇന്റർനാഷണൽ പെറ്റ് ഷോയിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കുസാറ്റ് സ്‌കൂൾ ഒഫ് ഇൻഡസ്ട്രിയൽ ഫിഷറീസ് ഡയറക്ടർ ഡോ. മിനി ശേഖരൻ പങ്കെടുക്കും. ആഗോള അലങ്കാര മത്സ്യമേഖലയിലെ ഇന്ത്യയുടെ വളരുന്ന സാദ്ധ്യതകളെയും വിപണി അവസരങ്ങളെയും ആസ്പദമാക്കി ഡോ. മിനി ശേഖരൻ പ്രഭാഷണം നടത്തും. വളർത്തുമൃഗങ്ങളുടെയും അക്വേറിയം വ്യവസായത്തിന്റെയും ലോകത്തിലെ ഏറ്റവും വലിയ പ്രദർശനങ്ങളിലൊന്നായ സി.ഐ.പി.എസ് 120ലധികം രാജ്യങ്ങളിൽ നിന്നുള്ള 14,000ലധികം പ്രദർശകരെയും 70,000ലധികം വ്യാപാരികളെയും ഒരുമിപ്പിക്കുന്ന അന്താരാഷ്ട്ര വേദിയാണ്.