അങ്കമാലി നഗരസഭയിൽ സ്ഥാനാർത്ഥി നിർണയം അവസാനഘട്ടത്തിൽ

Thursday 13 November 2025 1:50 AM IST
നഗരസഭ മന്ദിരം

അങ്കമാലി: നഗരസഭയിലെ നിലവിലെ യു.ഡി.എഫ് ഭരണസമിതിയിൽ ചെയർമാൻമാരായിരുന്ന മൂന്നുപേർക്കും ഇക്കുറി സീറ്റില്ല. റെജി മാത്യു, മാത്യു തോമസ്, അഡ്വ. ഷിയോൾ എന്നിവർക്കാണ് സീറ്റ് നഷ്ടപ്പെട്ടത്. ചെയർപേഴ്സൺ പദവി വനിതയ്ക്ക് നിശ്ചയിച്ചിട്ടുള്ള നഗരസഭയിൽ നിലവിൽ ഡെപ്യൂട്ടി ചെയർപേഴ്സൺമാരായിരുന്ന രണ്ടുപേരും മത്സരരംഗത്തുണ്ട്. സിനി മനോജ് ജനറൽ വാർഡായ 12ലും റീത്ത പോൾ 5, 7 വാർഡുകളിൽ ഒന്നിലും മത്സരിക്കും. വാർഡ് 5 ജനറലാണ്.

യു.ഡി.എഫിൽ നിലവിലെ കൗൺസിൽ അംഗങ്ങളായ 5പേർ വീണ്ടും മത്സര രംഗത്തുണ്ടാകാനാണ് സാദ്ധ്യത. മുൻ ചെയർപേഴ്സൺ ലില്ലി രാജു പതിനൊന്നാം വാർഡിൽ മത്സരിക്കും. നഗരസഭയിലെ 30 സീറ്റിൽ കോൺഗ്രസും ഒന്നിൽ കേരള കോൺഗ്രസും മത്സരിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് റെബലായി മത്സരിച്ച നിഷ സാജുവിന് 13ൽ സീറ്റു നൽകിയതിനെതിരെ പരാതി ഉയർന്നിട്ടുണ്ട്.

എൽ.ഡി.എഫിൽ സീറ്റ് ധാരണയായി. സി.പി.എം 22, സി.പി.ഐ 4, ജനതാദൾ എസ് 4, കേരള കോൺഗ്രസ് ഒന്ന്. നിലവിൽ അംഗങ്ങളായ 4 പേർ ഇത്തവണയും മത്സരരംഗത്തുണ്ട്. കൗൺസിലറായ ഗ്രേസി ദേവസി ജനറൽ വാർഡായ 4ൽ മത്സരിക്കുന്നു. സി.പി.എം സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മുൻ നഗരസഭ ചെയർപേഴ്സണായിരുന്ന എം.എ. ഗ്രേസിക്ക് ഇത്തവണ സീറ്റില്ല. നഗരസഭയുടെ ചരിത്രത്തിലാദ്യമായി നിലവിൽ രണ്ട് സീറ്റുള്ള ബി.ജെ.പി ഇത്തവണ എല്ലാ സീറ്റിലും മത്സരിക്കാനൊരുങ്ങുകയാണ്. 16 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.