'മനുഷ്യന് ആറല്ല, ഏഴാമതൊരു ഇന്ദ്രിയം കൂടിയുണ്ടെന്ന് കണ്ടെത്തി ശാസ്‌ത്രജ്ഞർ'; അത്തരം മനുഷ്യരെ എങ്ങനെ തിരിച്ചറിയാം?

Wednesday 12 November 2025 5:49 PM IST

പഞ്ചേന്ദ്രിയങ്ങളാണ് മനുഷ്യനെ ചുറ്റ‌ുപാടുകളെ മനസിലാക്കാൻ സഹായിക്കുന്നതെന്ന് നമുക്ക് അറിയാം. എന്നാൽ, പഞ്ചേന്ദ്രിയങ്ങൾക്ക് പുറമെ ചിലരിൽ ആറാമതും ഒരു ഇന്ദ്രിയം ഉണ്ടെന്ന് വിശ്വാസമുണ്ട്. സാധാരണയായി മനുഷ്യന് തിരിച്ചറിയാൻ കഴിയാത്ത കാര്യങ്ങൾ ആറാം ഇന്ദ്രിയജ്ഞാനമുള്ളവർക്ക് മനസിലാക്കാൻ കഴിയുമെന്ന് കരുതുന്നു. എന്നാൽ, ആറാം ഇന്ദ്രിയത്തിന് പുറമെ ഏഴാമത് ഒരു ഇന്ദ്രിയം കൂടിയുണ്ടെന്നാണ് ഇപ്പോൾ ചില ശാസ്‌ത്ര‌ജ്ഞന്മാർ പറയുന്നത്.

ഏറ്റവും പുതിയ പഠനമനുസരിച്ച്, മനുഷ്യർക്ക് മറഞ്ഞിരിക്കുന്ന 'ഏഴാം ഇന്ദ്രിയം' ഉണ്ടെന്ന് പറയുന്നു. അത് വസ്തുക്കളെ നേരിട്ട് സ്പർശിക്കാതെ തന്നെ തിരിച്ചറിയാൻ മനുഷ്യനെ സഹായിക്കുന്നു. ഈ ഏഴാം ഇന്ദ്രിയത്തെ 'വിദൂര സ്പർശം' അഥവാ 'റിമോട്ട് ടച്ച്' എന്നാണ് ശാസ്‌ത്ര‌ജ്ഞർ വിളിക്കുന്നത്. മണലിനടിയിൽ ഒളിഞ്ഞിരിക്കുന്ന ഇരയെ കണ്ടെത്താൻ സാൻഡ്പൈപ്പറുകൾ, പ്ലോവറുകൾ തുടങ്ങിയ തീരദേശ പക്ഷികൾ ഉപയോഗിക്കുന്ന കഴിവിന് സമാനമാണ് ഇത്.

'മനുഷ്യർ ഉൾപ്പെടെയുള്ള ജീവജാലങ്ങൾക്ക് മനസിലാക്കാൻ കഴിയുന്ന ലോകത്തെ കുറിച്ചുള്ള നമ്മുടെ ധാരണയെ ഇത് മാറ്റുന്നു' പഠനം നടത്തിയ ലണ്ടനിലെ ക്വീൻ മേരി സർവകലാശാലയിലെ മനഃശാസ്ത്ര വിഭാഗം സീനിയർ ലക്ചററും റെപ്പേർഡ് മൈൻഡ്സ് ലാബിന്റെ നേതാവുമായ എലിസബറ്റ വെർസേസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.

മണലിന് മുകളിൽ സ്‌പർശിക്കുമ്പോൾ ലഭിക്കുന്ന ചെറു സൂചനകളിലൂടെയാണ് റിമോട്ട് ടച്ച് പ്രവർത്തിക്കുന്നത്. ഒരാൾ മണലിലൂടെ വിരലുകൾ ചലിപ്പിക്കുമ്പോൾ, അവ മറഞ്ഞിരിക്കുന്ന വസ്തുക്കൾക്ക് മുകളിലൂടെ കടന്ന് പോകുകയും വസ്തുവിന്റെ സാന്നിധ്യം മനസ്സിലാക്കാൻ അനുവദിക്കുന്ന മർദ്ദ തരംഗങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു.

ലണ്ടനിലെ ക്വീൻ മേരി യൂണിവേഴ്സിറ്റിയിലെയും ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ, മനുഷ്യർക്ക് 2.7 സെന്റീമീറ്റർ അകലെ വരെ കുഴിച്ചിട്ടിരിക്കുന്ന വസ്തുക്കളെ കണ്ടെത്താൻ കഴിയുമെന്ന് കണ്ടെത്തി. 70.7% കൃത്യതയോടെ, ചിലപ്പോൾ റിമോട്ട് ടച്ച് ഉപയോഗിച്ച് വസ്തുക്കളെ കണ്ടെത്തുന്നതിൽ 40% കൃത്യതയുള്ള റോബോട്ടുകളെ പോലും മനുഷ്യന്റെ കഴിവ് മറികടക്കുന്നു.

പുരാവസ്തുക്കൾ സുരക്ഷിതമായി കണ്ടെത്തുന്നതിനും, കുഴിച്ചിട്ട വസ്‌തുക്കളെയോ മണ്ണിനടിയിലൂടെയുള്ള ശരീരഭാഗങ്ങളെയോ കണ്ടെത്തുന്നതിനും ബഹിരാകാശ പര്യവേഷണത്തിലും ഈ കഴിവ് പഠനം സൂചിപ്പിക്കുന്നു.