അനുജത്തിയ്ക്കായി പിസ്സ കൊണ്ടു വന്നത് അങ്ങ് ഇറ്റലിയിൽ നിന്ന്, കൈയടിച്ച് നെറ്റിസൺസ്
സഹോദരങ്ങൾ തമ്മിലുള്ള സ്നേഹപ്രകടനങ്ങൾ മിക്കപ്പോഴും വ്യത്യസ്ത രീതിയിലാണ് പ്രകടമാക്കുക. എന്നാൽ ഒരു യുവാവ് അനുജത്തിയോടുള്ള സ്‌നേഹം വ്യക്തമാക്കുന്ന വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. ഇറ്റലിയിലെ വളരെ പ്രശസ്തമായ പിസ്സയാണ് യുവാവ് ദീർഘദൂര യാത്ര ചെയ്ത് സഹോദരിക്കായി കൊണ്ടെത്തിച്ചത്.
ഹണിമൂണിനായി ഇറ്റലിൽ പോയതായിരുന്നു യുവാവ്. വീട്ടിലേക്ക് മടങ്ങുന്നതിന് മുൻപ് യുവാവ് അനുജത്തിയ്ക്കായി ഇറ്റലിയിൽ നിന്ന് പിസ്സ വാങ്ങി. ഇറ്റലിയിലെ ഏറ്റവും സവിശേഷമായ പിസ്സകളിലൊന്നാണ് യുവാവ് ഡൽഹിയിൽ കൊണ്ടെത്തിച്ചത്. പിസ്സ വാങ്ങുന്നതും രണ്ട് വിമാനങ്ങൾ മാറി കയറുന്നതും ഒടുവിൽ അനുജത്തിക്ക് പിസ്സ നൽകുന്നതും വീഡിയോയിലുണ്ട്. അതിരുകളും സമയവും മറികടന്ന് പിസ്സ കൊണ്ടുപോകുന്നത് അനുജത്തിയുടെ ഭക്ഷണത്തോടുള്ള പ്രിയം കാരണമെന്നാണ് വീഡിയോയിൽ കുറിച്ചിട്ടുള്ളത്. പരമ്പരാഗത നെപ്പോളിയൻ പിസ്സയുടെ ജന്മസ്ഥലമായി വാഴ്ത്തപ്പെടുന്ന ലോകപ്രശസ്തമായ എൽ'ആന്റിക്ക പിസ്സേറിയ ഡ മിഷേലിൽ നിന്നാണ് യുവാവ് പിസ്സ വാങ്ങിയത്.
നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. ഇതുപോലൊരു സഹോദരനെ എവിടെയും കിട്ടില്ലെന്നും സ്നേഹമുള്ളയാളാണ് യുവാവെന്നും നീളുന്നു കമന്റുകൾ. ഇത്രയും ദൂരം സഞ്ചരിച്ചിട്ടും പിസ്സ കേടായില്ലെന്ന് ചോദിക്കുന്നവരുണ്ട്. അതേസമയം വ്യോമയാന ചട്ടങ്ങൾ അനുസരിച്ച്, പിസ്സ പോലുള്ള കട്ടിയുള്ള വേവിച്ച ഭക്ഷണങ്ങൾ അന്താരാഷ്ട്ര റൂട്ടുകളിൽ അനുവദനീയമാണ്. എന്നാൽ, അച്ചാർ, ചട്നി, പാൽ അടിസ്ഥാനമാക്കിയുള്ള ഇനങ്ങൾക്ക് നിയന്ത്രണങ്ങളുണ്ട്.