എൽ.ഡി.എഫ് പട്ടികയിൽ പുതുമുഖ പ്രൗഢി

Thursday 13 November 2025 12:29 AM IST

കൊച്ചി: 45 പുതുമുഖങ്ങൾ. 9 സിറ്റിംഗ് കൗൺസിലർമാർ. മത്സരിച്ച് അനുഭവസമ്പത്തുള്ള 16 പേർ. കൊച്ചി കോർപ്പറേഷൻ നിലനിറുത്താൻ ഉറച്ചിറങ്ങുന്ന എൽ.ഡി.എഫിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്നലെ പ്രഖ്യാപിച്ചു. മേയർ അഡ്വ. എം. അനിൽകുമാറും ഡെപ്യൂട്ടി മേയർ എ.കെ. അൻസിയും പട്ടികയിലില്ല. 56 ശതമാനം വനിതാ പങ്കാളിത്തം ഉറപ്പാക്കിയുള്ള പട്ടികയിൽ ആറ് പേർ പോയ വർഷങ്ങളിൽ യു.ഡി.എഫിനായി മത്സരിച്ചവരാണെന്നതും പ്രത്യേകതയാണ്.

എം.ബി. മുരളീധരൻ, കെ.ജെ. പ്രകാശൻ, എ.ബി. സാബു, ഗ്രേസി ജോസഫ്, പി.എം. ഹാരിസ്, ഷീബ ഡ്യൂറോ എന്നിവരാണ് സി.പി.എം സാരഥികളായി ഇറങ്ങുന്നത്. കോൺഗ്രസ് വിമതയായി മത്സരിച്ച് വിജയിച്ച മേരി കലിസ്റ്റാ പ്രകാശനും ഇത്തവണ എൻ.സി.പി ടിക്കറ്റിൽ കളത്തിലിറങ്ങുന്നു. പട്ടികയിൽ 43 വനിതകളും ഏഴ് പേർ യുവാക്കളുമാണ്. നാല് വനിതകൾ ജനറൽ ഡിവിഷനിലാണ് മത്സരിക്കുന്നത്. പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായി എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം എൻ.എസ്. ഭാഗ്യലക്ഷ്മിയും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.

സി.പി.എം - 57, സി.പി.ഐ -8, ജനതാദൾ -2, ഐ.എൻ.എൽ - 1,എൻ.സി.പി -2, കേരള കോൺഗ്രസ് -1 എന്നിങ്ങനെയാണ് പാർട്ടി സ്ഥാനാർത്ഥികളുടെ കണക്ക്. തർക്കങ്ങളില്ലാതെയായിരുന്നു സീറ്റ് വിഭജനം.സി.പി.എം ജില്ലാ സെക്രട്ടി എസ്. സതീഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ, എൽ.ഡി.എഫ് കൺവീനർ ജോ‌‌‌ർജ് ഇടപ്പരത്തി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 ആറിടത്ത് ഇന്ന്

സി.പി.എമ്മിന്റെ സിറ്റിംഗ് ഡിവിഷനായ പൂണിത്തുറയടക്കം ആറിടങ്ങളിൽ സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. കല്ലുകടിയില്ലാതെ സ്ഥാനാർത്ഥി നിർണയമാണ് പ്രഖ്യാപനം നീളാൻ കാരണമെന്നാണ് അറിയുന്നത്. മട്ടാഞ്ചേരി, ഗിരിനഗർ, കടവന്ത്ര, പെരുമാനൂർ, പനമ്പള്ളി നഗർ എന്നിവയാണ് മറ്റ് ഡിവിഷനുകൾ.

പ്രകടനപട്ടികയിൽ ജനങ്ങൾക്ക് നൽകിയിരുന്ന വാഗ്ദാനമെല്ലാം പാലിച്ചാണ് കോർപ്പറേഷൻ തിരഞ്ഞെടുപ്പിന് എൽ.ഡി.എഫ് ഇറങ്ങുന്നത്. എൽ.ഡി.എഫ് പൂർണ സജ്ജമാണ്.

എസ്. സതീഷ്

സി.പി.എം

ജില്ലാ സെക്രട്ടറി

ആദ്യഘട്ട സ്ഥാനാർത്ഥി

പട്ടികയുമായി എൻ.ഡി.എയും

കൊച്ചി: കൊച്ചി കോർപ്പറേഷനിൽ ബി.ജെ.പിയുടെ 30ഉം സഖ്യകക്ഷികളുടെ രണ്ടും സ്ഥാനാർത്ഥികളെ എൻ.ഡി.എ പ്രഖ്യാപിച്ചു. ഹിജാബ് വിവാദം നടന്ന പള്ളുരുത്തി സെന്റ് റീത്താസ് പബ്ളിക് സ്കൂളിലെ പി.ടി.എ പ്രസിഡന്റ് ജോഷി കൈതവളപ്പിലും സ്ഥാനാർത്ഥിയാണ്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും പ്രാധാന്യം നൽകുന്നതാണ് പട്ടിക.

സിറ്റിംഗ് കൗൺസിലർ പദ്മജ എസ്. മേനോൻ ആദ്യപട്ടികയിലില്ല. ദീർഘകാലം ചെറളായിയിൽ കൗൺസിലറായിരുന്ന ശ്യാമള എസ്. പ്രഭുവും പട്ടികയിലില്ല. ബി.ഡി.ജെ.എസുമായുള്ള ചർച്ച പൂർത്തിയായിട്ടില്ല. ആർ.എസ്.പിയിൽ നിന്ന് ബി.ജെ.പിയിലെത്തിയ സുനിത ഡിക്‌സനും പട്ടികയിലുണ്ട്.