എൽ.ഡി.എഫ് കോൺഗ്രസിന്റെ ബി ടീമെന്ന് വിമർശനം: ആലുവയിൽ ഭരണം പിടിക്കുമെന്ന് എൻ.ഡി.എ

Thursday 13 November 2025 12:32 AM IST

ആലുവ നഗരസഭയിലേക്ക് മത്സരിക്കുന്ന എൻ.ഡി.എ സ്ഥാനാർത്ഥികൾ

ആലുവ: 24 വാർഡുകളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച എൻ.ഡി.എ ഇക്കുറി ആലുവ നഗരസഭാ ഭരണം പിടിക്കുമെന്ന് ബി.ജെ.പി നോർത്ത് ജില്ലാ പ്രസിഡന്റ് എം.എ. ബ്രഹ്മരാജ്, ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് എം.പി. ബിനു എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അവശേഷിക്കുന്ന രണ്ട് (16, 20) വാർഡുകളിലെ സ്ഥാനാർത്ഥികളെ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കും. കഴിഞ്ഞ അഞ്ചുവർഷം നഗരസഭ ഭരിച്ചത് കോൺഗ്രസിന്റെ എ ടീമും പ്രതിപക്ഷത്തുണ്ടായിരുന്ന എൽ.ഡി.എഫ് കോൺഗ്രസിന്റെ ബി ടീമും ആയിരുന്നു. നിലവിലുള്ള പ്രതിപക്ഷനേതാവുപോലും ഇപ്പോൾ കോൺഗ്രസ് സ്ഥാനാർത്ഥിയായി. കോടികളുടെ അഴിമതിയാണ് നഗരസഭാ ഭരണത്തിൽ നടന്നത്. അപ്പോഴെല്ലാം യഥാർത്ഥ പ്രതിപക്ഷകടമ നിർവഹിച്ചത് എൻ.ഡി.എയും ബി.ജെ.പിയും ആയിരുന്നുവെന്ന് നഗരവാസികൾക്ക് ബോദ്ധ്യമുണ്ട്. തിരഞ്ഞെടുപ്പുഫലം അത് തെളിയിക്കും.

25 വാർഡുകളിൽ ബി.ജെ.പിയും ഒരു വാർഡിൽ ബി.ഡി.ജെ.എസുമാണ് മത്സരിക്കുന്നത്. പ്രഖ്യാപിച്ച 24 സ്ഥാനാർത്ഥികളിൽ 15 ഉം വനിതകളാണ്. മൂന്ന് ദമ്പതികളും സ്ഥാനാർത്ഥി പട്ടികയിലുണ്ട്. കേന്ദ്ര പദ്ധതികളിലൂടെ ആലുവ നഗരത്തിന്റെ സമഗ്രവികസനമാണ് എൻ.ഡി.എ ലക്ഷ്യമിടുന്നതെന്ന് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് ആർ. പത്മകുമാർ പറഞ്ഞു.

വാർഡും സ്ഥാനാർത്ഥികളും:

1 പി.സി. ശ്രീജ, 2 അനിത ടീച്ചർ, 3 എ.ആർ. ഷൈൻ (ബി.ഡി.ജെ.എസ്), 4 എം.ആർ. രജനി, 5 എൻ. ശ്രീകാന്ത്, 6 ഉമാലൈജി, 7 എ.യു. ഉണ്ണിമായ, 8 ആർ. പത്മകുമാർ,

9 ധനലക്ഷ്മി ആനന്ദൻ, 10 ശ്രീലത രാധാകൃഷ്ണൻ, 11 പി.എസ്. പ്രീത, 12 ഷീബകിരൺ, 13 സജിത സതീഷ്, 14 ബിന്ദു കൃഷ്ണകുമാർ, 15 മജ്നു കൃഷ്ണൻ, 17 സജി പുതുശേരി, 18 ഡോ. ശിവപ്രിയ കമ്മത്ത്, 19 ഓമന കൃഷ്ണൻ,

21 എ.സി. സന്തോഷ്‌കുമാർ, 22 എ.ടി. കുട്ടപ്പൻ, 23 എം.കെ. സതീഷ്, 24 പി.എൻ. ബാബു, 25 ലതിക ടീച്ചർ, 26 ഗീത അരവിന്ദ്.

ബി.ജെ.പി മേഖലാ വൈസ് പ്രസിഡന്റ് എം.എൻ. ഗോപി​, ജില്ലാ ജനറൽ സെക്രട്ടറി ഷാജി മൂത്തേടൻ, ബി.ഡി.ജെ.എസ് ജില്ലാ ജനറൽ സെക്രട്ടറി വേണു നെടുവന്നൂർ, എ. സെന്തിൽകുമാർ, എം.യു. ഗോപുകൃഷ്ണൻ, സോമശേഖരൻ കല്ലുങ്ങൽ, എ. പത്മകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.