80,000 മരണങ്ങള്‍, കോടികളുടെ നഷ്ടം; 30 വര്‍ഷത്തിനിടെ നമ്മുടെ നാട്ടില്‍ സംഭവിച്ചത്

Wednesday 12 November 2025 7:27 PM IST

ന്യൂഡല്‍ഹി: 1995 മുതല്‍ 2024 വരെയുള്ള 30 വര്‍ഷത്തിനിടെ ഇന്ത്യ നേരിട്ടത് 430 പ്രകൃതി ദുരന്തങ്ങളാണ്. ഉഷ്ണതരംഗം, കൊടുങ്കാറ്റ്, വെള്ളപ്പൊക്കം, വരള്‍ച്ച പോലുള്ള കാലാവസ്ഥ ദുരന്തങ്ങള്‍ ബാധിച്ച രാജ്യങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ അതില്‍ 9ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. മനുഷ്യാവകാശ സംഘടനയായ ജര്‍മന്‍ വാച്ച് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ബ്രസീലിലെ സി.ഒ.പി 30 കാലാവസ്ഥാ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് ജര്‍മന്‍ വാച്ചിന്റെ റിപ്പോര്‍ട്ട്.

ഇന്ത്യയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ വിവിധ കാലാവസ്ഥ ദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണം 80,000ല്‍ അധികമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 170 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് വിവിധ ദുരന്തങ്ങളില്‍ ഇന്ത്യക്കുണ്ടായത്. ജര്‍മന്‍ വാച്ച് തയാറാക്കിയ കാലാവസ്ഥ അപകട സൂചിക(ക്ലൈമറ്റ് റിസ്‌ക് ഇന്‍ഡക്‌സ്) റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍ പറയുന്നത്. 11 രാജ്യങ്ങളിലാണ് കഴിഞ്ഞ 30 വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ കാലാവസ്ഥ ദുരന്തങ്ങള്‍ ബാധിച്ചത്.

ലോകമെമ്പാടുമുള്ള മൊത്തം ജനങ്ങളില്‍ ഏകദേശം 40 ശതമാനം അതായത് 300 കോടിയിലേറെ ആളുകള്‍ താമസിക്കുന്നതും ഈ രാജ്യങ്ങളിലാണ്. പട്ടികയില്‍ ഇന്ത്യക്ക് പിന്നിലായി 11ാം സ്ഥാനത്ത് ചൈനയും ഉള്‍പ്പെടുന്നുണ്ട്. തുടര്‍ച്ചയായ കാലാവസ്ഥ ദുരന്തങ്ങള്‍ ഇന്ത്യ പോലുള്ള രാജ്യങ്ങളെ ദുര്‍ബലമാക്കുന്നു. ഹെയ്ത്തി, ഫിലിപ്പീന്‍സ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളാണ് ഏറ്റവും കൂടുതല്‍ വെല്ലുവിളി നേരിടുന്നതെന്ന് സി.ആര്‍.ഐക്ക് (ക്ലൈമറ്റ് റിസ്‌ക് ഇന്‍ഡക്‌സ്) പിന്നില്‍ പ്രവര്‍ത്തിച്ച സംഘാംഗങ്ങള്‍ പറയുന്നു.

മരണങ്ങളും നാശനഷ്ടവും സംഭവിച്ച മനുഷ്യരില്‍ നല്ലൊരു പങ്കിനും ജീവിതം പഴയതുപോലെ കെട്ടിപ്പടുക്കാന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ തന്നെ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന മാനസികാഘാതങ്ങളും ചെറുതല്ല. കാലാവസ്ഥ വ്യതിയാനം പോലുള്ള പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക ശേഷിയെപ്പോലും ദുര്‍ബലമാക്കുന്നുണ്ട്.