@ രാമനാട്ടുകര മുനിസിപ്പാലിറ്റി പിടികൊടുക്കാതെ മൂന്നാം അങ്കം

Thursday 13 November 2025 12:02 AM IST
രാമനാട്ടുകര നഗരസഭ

രാമനാട്ടുകര: പഞ്ചായത്തായിരുന്ന കാലത്തും മുനിസിപ്പാലിറ്റി ആയിരിക്കുമ്പോഴും രാമനാട്ടുകര തുടർച്ചയായി ആരുടെയും പക്ഷത്തായിരുന്നില്ല. മുനിസിപ്പാലിറ്റി ആയതിനുശേഷം നടന്ന രണ്ട് തിരഞ്ഞെടുപ്പിലും മുന്നണികൾ മാറി മാറി ഭരണത്തിലെത്തി. അതുകൊണ്ടു തന്നെ മൂന്നാം അങ്കത്തിന് തിയതി കുറിച്ചതുമുതൽ ഇരുമുന്നണികളുടെയും നെഞ്ചിൽ തീയാണ്. 2015ലാണ് രാമനാട്ടുകര മുനിസിപ്പാലിറ്റിയാവുന്നത്. കന്നിയങ്കത്തിൽ ഭരണം എൽ.ഡി.എഫിനായിരുന്നു. 2020ൽ യു.ഡി.എഫ് ഭരണം പിടിച്ചു. മുന്നണി ധാരണ പ്രകാരം ലീഗിലെ ബുഷ്‌റ റഫീക്കായിരുന്നു ആദ്യ ചെയർപേഴ്‌സൺ. ഭരണ കാലാവധി അവസാനിക്കാൻ ആറുമാസം ബാക്കിനിൽക്കെ കോൺഗ്രസിലെ വി.എം.പുഷ്പയാണ് ഇപ്പോഴത്തെ ചെയർപേഴ്സൺ.

വാർഡ്

(2020)- 31

വാർഡ്

(2025)- 32

കക്ഷിനില

യു.ഡി.എഫ്- 17 എൽ.ഡി.എഫ്- 14

എൻ.ഡി.എ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കും

അരുൺ ലാൽ

(ബി.ജെ.പി രാമനാട്ടുകര

ഏരിയ ജനറൽ സെക്രട്ടറി)

രാമനാട്ടുകരയിൽ ഇത്തവണ എൻ.ഡി.എ മികച്ച മുന്നേറ്റം കാഴ്ചവയ്ക്കും. കഴിഞ്ഞ തവണ ഏഴ് സീറ്റിൽ ബി.ജെ.പി രണ്ടാമതായി എത്തി. വികസന മുരടിപ്പിന്റെ അഞ്ചുവർഷമാണ് കടന്നുപോയത്. നഗരസഭയിൽ വികസന പ്രവർത്തനങ്ങൾ നടക്കുന്നത് കേന്ദ്ര പദ്ധതികളിലൂടെയാണ്. ഴിഞ്ഞ അഞ്ചു വർഷത്തിനിടെ 127 വീടുകൾ പി.എം ആവാസ് യോജന വഴി നൽകുകയും നടക്കുന്ന വികസനങ്ങളിൽ 90 ശതമാനവും അമൃത് പദ്ധതി പ്രകാരവുമാണ്. അതുകൊണ്ട് തന്നെ ബി.ജെ.പി രാജ്യത്ത് നടത്തുന്ന ജനകീയ പ്രവർത്തനങ്ങൾ രാമനാട്ടുകര തിരിച്ചറിയും.

ജനജീവിതം അറിയാത്ത ഭരണം

അബ്ദുൾ ഫൈസൽ

(പ്രതിപക്ഷ നേതാവ് സി.പി.എം)

ഭരണസമിതിയ്ക്ക് നാലര വർഷത്തെ ഭരണം കൊണ്ട് തങ്ങളുടേതായ ഒരു പദ്ധതിയും ആവിഷ്‌കരിച്ച് നടപ്പാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് സർക്കാരിൽ നിന്ന് 13 കോടി രൂപ അനുവദിച്ച് തുടങ്ങി വെച്ച മുനിസിപ്പാലിറ്റി ഓഫീസ് കെട്ടിടം പണി ഇതുവരെ പൂർത്തീകരിച്ചിട്ടില്ല. നഗര സൗന്ദര്യവത്ക്കരണം പൂർത്തീകരിക്കാനോ സൗന്ദര്യ വത്ക്കരണത്തിന്റെ ഭാഗമായിട്ടുള്ള ട്രാഫിക് പരിഷ്‌കരണം നടപ്പാക്കാനോ കഴിഞ്ഞിട്ടില്ല. വീടില്ലാത്തവർക്ക് സ്ഥലം കണ്ടെത്തി ഫ്‌ളാറ്റ് സമുച്ചയം ഒരുക്കണമെന്ന് സർക്കാർ നിർദ്ദേശം വന്നിട്ട് പോലും അതിനുവേണ്ട യാതൊരു നടപടിയും ഉണ്ടായില്ല. ജനങ്ങളുടെ പ്രശനങ്ങളും നാടിന്റെ പൊതുവായ നന്മയും മുൻനിർത്തിയുള്ള ഭരണമാണ് രാമനാട്ടുകര ആഗ്രഹിക്കുന്നത്.

സംസ്ഥാനത്തെ മികച്ച മുനിസിപ്പാലിറ്റിയാക്കി

വി.എം പുഷ്പ

(ചെയർപേഴ്സൺ രാമനാട്ടുകര മുനിസിപ്പാലിറ്റി)

കോഴിക്കോട് ജില്ലയുടെ പ്രവേശന കവാടമായ രാമനാട്ടുകര കേരളത്തിലെ അറിയപ്പെടുന്ന മുനിസിപ്പാലിറ്റികളിൽ ഒന്നാക്കി മാറ്റാൻ അഞ്ചു വർഷത്തെ ഭരണം കൊണ്ട് കഴിഞ്ഞു എന്നത് ഏറെ സന്തോഷം നൽകുന്നതാണ്. കേരളത്തിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റി കെട്ടിടങ്ങളിൽ ഒന്നാണ് രാമനാട്ടുകരയുടേത്. അതിന്റെ പ്രവൃത്തി തുടങ്ങി ഉദ്ഘാടനം നടത്തി പുതിയ കെട്ടിടത്തിൽ പ്രവർത്തനമാരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ ഭരണസമിതിയുടെ കാലഘട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ കൂടി പിന്തുണയോടെ കഴിഞ്ഞു എന്നത് ഏറെ അഭിമാനമാണ്. വൃത്തിയുള്ള നഗരങ്ങളിൽ ഒന്നാക്കി രാമനാട്ടുകരയെ മാറ്റാനും ആരോഗ്യ സംരക്ഷണ മേഖലയിലെ എല്ലാ പ്രവർത്തനങ്ങളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടുപോകാനും മുനിസിപ്പാലിറ്റിയ്ക്ക് കഴിഞ്ഞു. ആത്മവിശ്വാസത്തോടെയാണ് പടിയിറക്കം.