അന്ന് ഇടതിലും വലതിലും ഇന്ന് വലതിലും ഇടതിലും

Thursday 13 November 2025 12:09 AM IST
വി.പി. ചന്ദ്രൻ

കൊച്ചി: 2016ൽ ഇടത്, വലത് മുന്നണികൾക്കായി വിജയക്കൊടി പാറിച്ചവർ പത്ത് വർഷങ്ങൾക്കിപ്പുറം പോരിനിറങ്ങുന്നത് ചേരിമാറി. അതും നേർക്കുനേർ. കൊച്ചി കോർപ്പറേഷനിലെ വൈറ്റില ഡിവിഷനാണ് 'ചേരിപ്പോരിന് " സാക്ഷിയാകുക. സി.പി.എം തൃക്കാക്കര ഏരിയ കമ്മിറ്റി മുൻ അംഗവും കോർപ്പറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായിരുന്ന വി.പി. ചന്ദ്രനും കോർപ്പറേഷൻ മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷനും ഡി.സി.സി അംഗവുമായിരുന്ന എ.ബി. സാബുവുമാണ് യു.ഡി.എഫ് - എൽ.ഡി.എഫ് സാരഥികൾ.

യു.ഡി.എഫ് സ്വതന്ത്രനായാണ് വി.പി. ചന്ദ്രൻ മത്സരിക്കുന്നത്. ജി.സി.ഡി.എ നിർവാഹക സമിതി അംഗമായ എ.ബി. സാബു സി.പി.എം ടിക്കറ്റിൽ പാർട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്.

വയനാട് ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക കൈമാറിയില്ലെന്ന പരാതിയിൽ 2024 ഒക്ടോബറിൽ ചന്ദ്രനെ സി.പി.എം പുറത്താക്കിയിരുന്നു. ചിലരുടെ ഗൂഢാലോചനയുടെ ഭാഗമായി നേതൃത്വം ഏകപക്ഷീയമായി തന്നെ പുറത്താക്കിയതാണെന്നും ആരോപണം അടിസ്ഥാനരഹിതമെന്നുമുള്ള നിലപാടിൽ ചന്ദ്രൻ ഉറച്ചുനിന്നു. ചമ്പക്കരയിൽ പൊതുമണ്ഡലത്തിൽ സജീവമായ ചന്ദ്രന്റെ ജനകീയത തിരിച്ചറിഞ്ഞാണ് കോൺഗ്രസ് സമീപിച്ചത്.

"താൻ ഒരു പാർട്ടിയുടെയും അംഗമല്ല. കോൺഗ്രസ് സമീപിച്ചപ്പോൾ മത്സരിക്കാൻ സന്നദ്ധത അറിയിച്ചു. അഞ്ച് വർഷക്കാലവും പൊതുമണ്ഡലത്തിൽ സജീവമായിരുന്നു. സി.പി.എമ്മിന്റെയടക്കം എല്ലാവരുടെയും വോട്ട് ലഭിക്കും. മികച്ച മാർജിനിൽ ജയിക്കും." ചന്ദ്രൻ പറഞ്ഞു.

തൃപ്പൂണിത്തറ നിയോജക മണ്ഡലത്തിൽ കെ. ബാബു സ്ഥാനാർത്ഥിയാകുന്നതിനെതിരെ പ്രതിഷേധിച്ച് കോൺഗ്രസിൽ നിന്ന് രാജിവച്ചാണ് എ.ബി. സാബു സി.പി.എമ്മിൽ ചേർന്നത്. "കേവലം 5 വർഷക്കാലം തള്ളിനീക്കലല്ല, മറിച്ച് ക്രിയാത്മകമായി വിസനപദ്ധതികൾ നടപ്പാക്കുന്നതിൽ മുന്നിൽ എൽ.ഡി.എഫാണെന്ന തിരിച്ചറിവാണ് സി.പി.എമ്മിൽ ചേർന്നുനിൽക്കാൻ പ്രേരിപ്പിച്ചത്." എ.ബി. സാബു പങ്കുവച്ചു.