'വീട് പ്രസവ വാര്‍ഡാക്കാന്‍ തീരുമാനിച്ചു'; ആറ് കുട്ടികളെ വരവേല്‍ക്കാന്‍ തയ്യാറായി യുവാവും ഭാര്യമാരും
ഒരേസമയം ആറ് ഭാര്യമാരും ഗര്‍ഭിണികളായ യുവാവിന്റെ വാര്‍ത്ത ഏതാനും മാസങ്ങള്‍ മുമ്പ് വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഇപ്പോഴിതായ വിവിധ ഭാര്യമാരിലായി തന്റെ ആറ് കുട്ടികളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് കുടുംബം. അഞ്ച് മാസം മുതല്‍ ഏഴ് മാസം വരെ ഗര്‍ഭിണികളായ ഭാര്യമാരാണ് യുവാവിനുള്ളത്. സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന കുടുംബത്തിന്റെ വീഡിയോകളില്‍ നിരവധിപേരാണ് കമന്റ് രേഖപ്പെടുത്തുന്നത്. ആഫ്രിക്കയിലെ ഒരു യുവാവിന്റെ ആറ് ഭാര്യമാരാണ് ഒരേ സമയം ഗര്‍ഭിണികളായത്.
ഒരേ സമയം ആറ് കുട്ടികളെ എങ്ങനെ വളര്‍ത്തുമെന്നതാണ് ഭൂരിഭാഗം ആളുകള്‍ക്കും അറിയേണ്ടത്. ഭാര്യമാരില്‍ രണ്ട് പേര്‍ അഞ്ച് മാസം ഗര്‍ഭിണികളാണ്. ബാക്കി നാല് പേര്‍ ഏഴ് മാസം ഗര്‍ഭിണികളും. ഭാര്യമാരുടെ പ്രസവം, പിന്നീട് കുട്ടികളുടേയും അമ്മമാരുടേയും ആരോഗ്യ സംരക്ഷണം എന്നിവയ്ക്കായി വലിയ തയ്യാറെടുപ്പിലാണ് യുവാവെന്ന് അയല്‍വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം വീട് ഒരു പ്രസവ വാര്‍ഡ് ആക്കി ഉയര്‍ത്താന്‍ ഇയാള്‍ തയ്യാറെടുക്കുന്നുവെന്നാണ് ചില അയല്‍ക്കാര്‍ പറയുന്നത്.
സ്ത്രീകള്‍ക്ക് കൃത്യമായി ഗര്‍ഭകാല പരിചരണം ലഭിക്കുന്നുണ്ടോ, പോഷകം അടങ്ങിയ ഭക്ഷണം ലഭിക്കുന്നുണ്ടോ, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് പലരും ചോദിക്കുന്നത്. ഈ സ്ത്രീകള്‍ക്ക് പോഷകാഹാര കുറവുണ്ടാകുമെന്നും ചിലര്‍ സമൂഹമാദ്ധ്യമത്തില്‍ അഭിപ്രായപ്പെട്ടു. സ്ത്രീകള്‍ മനുഷ്യരാണെന്നും അവരെ മൃഗങ്ങളായി കാണരുതെന്ന രീതിയിലും വിമര്‍ശനമുയര്‍ന്നു. ബഹുഭാര്യാത്വം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്നും ചിലര്‍ കമന്റ് ചെയ്തു.