പത്ത് മാസത്തിനിടെ രണ്ടാമതും വിവാഹിതനായി സൂപ്പര്‍താരം; തുറന്ന്പറച്ചില്‍ ചിത്രങ്ങള്‍ പുറത്ത് വന്നതോടെ

Wednesday 12 November 2025 8:42 PM IST

കാബൂള്‍: ഒരു വര്‍ഷത്തിനിടെ രണ്ടാമതും വിവാഹിതനായെന്ന കാര്യം സമ്മതിച്ച് ക്രിക്കറ്റ് സൂപ്പര്‍താരം. അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ റാഷിദ് ഖാനാണ് താന്‍ വീണ്ടും വിവാഹിതനാണെന്ന് തുറന്ന് പറഞ്ഞിരിക്കുന്നത്. ഒരു ചടങ്ങില്‍ പരമ്പരാഗത അഫ്ഗാന്‍ വേഷമണിഞ്ഞ് യുവതിക്കൊപ്പം ഇരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് താന്‍ വീണ്ടും വിവാഹംകഴിച്ചുവെന്ന കാര്യം റാഷിദ് ഖാന്‍ സ്ഥിരീകരിച്ചത്.

2024 ഒക്ടോബറിലായിരുന്നു സഹോദരന്‍മാര്‍ക്കൊപ്പം റാഷിദ് ഖാന്റെ ആദ്യ വിവാഹം നടന്നത്. പത്ത് മാസങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ഓഗസ്റ്റ് രണ്ടിനാണ് റാഷിദ് ഖാന്‍ മറ്റൊരു സ്ത്രീയെക്കൂടി വിവാഹം കഴിച്ചത്. ''2025 ഓഗസ്റ്റ് രണ്ടിനായിരുന്നു എന്റെ വിവാഹം. അടുത്തിടെ ഞാന്‍ ഭാര്യയുമൊന്നിച്ച് ഒരു ചാരിറ്റി പരിപാടിയില്‍ പങ്കെടുത്തിരുന്നു. അതിന്റെ ചിത്രങ്ങള്‍ എടുത്താണ് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നത്. അവള്‍ എന്റെ ഭാര്യയാണ്. ഇവിടെ ഒന്നും ഒളിക്കാനില്ല. എന്നെ പിന്തുണയ്ക്കുകയും മനസ്സിലാക്കുകയും ചെയ്ത എല്ലാവര്‍ക്കും നന്ദി.'' റാഷിദ് ഖാന്‍ ഇന്‍സ്റ്റയില്‍ കുറിച്ചു.

യൂറോപ്യന്‍ രാജ്യമായ നെതര്‍ലാന്‍ഡ്‌സില്‍ വെച്ച് റാഷിദ് ഖാന്‍ ഫൗണ്ടേഷന്റെ ഒരു ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഒരു യുവതി താരത്തിന് ഒപ്പമുണ്ടായിരുന്നു. ഇതോടെ താരം ആദ്യ വിവാഹബന്ധം അവസാനിപ്പിച്ചുവെന്നും മറ്റൊരാളെ ഡേറ്റ് ചെയ്യുന്നുവെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നു.

എന്നാല്‍ ചിത്രത്തിലുള്ള യുവതിയും തന്റെ ഭാര്യയാണെന്ന് റാഷിദ് ഖാന്‍ തന്നെ സമ്മതിച്ചതോടെയാണ് താരത്തിന് കഴിഞ്ഞ മൂന്ന് മാസമായി രണ്ട് ഭാര്യമാരാണെന്ന കാര്യം പുറത്തറിയുന്നത്. അഫ്ഗാന്‍ സമൂഹത്തിന്റെ വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ മേഖലയിലെ പുരോഗതിയാണ് തന്റെ ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നതെന്ന് റാഷിദ് നേരത്തെ പറഞ്ഞിരുന്നു.