പഞ്ചായത്ത് മെമ്പര്‍ക്ക് എത്ര രൂപ കിട്ടും, ഏറ്റവും കൂടുതല്‍ ശമ്പളം മേയര്‍ക്ക് അല്ല; വിശദമായി അറിയാം

Wednesday 12 November 2025 10:26 PM IST

തിരുവനന്തപുരം: കേരളം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ ചൂടിലാണ്. ഒരു മാസം നീണ്ട് നില്‍ക്കുന്ന പ്രചാരണ കോലാഹലത്തിന് ശേഷം രണ്ട് ഘട്ടമായിട്ടായിരിക്കും ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ ഒമ്പതിന് ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും ഡിസംബര്‍ 11ന് തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കും. ഡിസംബര്‍ 13ന് ആണ് വോട്ടെണ്ണല്‍. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കി വരുന്ന മുന്നണികള്‍ പ്രചാരണ പരിപാടികള്‍ക്ക് വേഗത കൂട്ടിയിട്ടുണ്ട്.

ഒരു പഞ്ചായത്ത് മെമ്പര്‍ മുതല്‍ മേയര്‍ വരെയുള്ള പദവികളിലേക്ക് കണ്ണുംനട്ട് പ്രചാരണം ചൂട്പിടിപ്പിക്കുകയാണ് മുന്നണികള്‍. പ്രാദേശിക വിഷയങ്ങള്‍ മുതല്‍ സംസ്ഥാന- ദേശീയ വിഷയം വരെ ചര്‍ച്ചയാക്കിയുള്ള പ്രചാരണത്തിനൊടുവില്‍ തിരഞ്ഞെടുപ്പ് വിജയിച്ച് അധികാരത്തിലെത്തിയാല്‍ ഓരോ പദവിയിലുള്ളവര്‍ക്കും കിട്ടുന്നത് തുച്ഛമായ ശമ്പളമാണ് എന്നതാണ് വാസ്തവം. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത്, മുന്‍സിപാലിറ്റി, കോര്‍പ്പറേഷന്‍ എന്നിങ്ങനെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ പദവിയിലുള്ളവരുടെ ശമ്പളം ഇപ്രകാരമാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വിജയിച്ച് വരുന്നവര്‍ക്ക് ലഭിക്കുന്ന പ്രതിമാസ തുകയ്ക്ക് ശമ്പളമെന്നല്ല മറിച്ച് ഓണറേറിയം എന്നാണ് പറയുന്നത്. ഓണറേറിയത്തിനു പുറമേ തദ്ദേശസ്ഥാപനങ്ങളിലെ യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് അംഗങ്ങള്‍ക്ക് ബത്തയുമുണ്ട്. സ്ഥാപന അദ്ധ്യക്ഷന്‍, ഉപാദ്ധ്യക്ഷന്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍ എന്നിവര്‍ക്ക് 250 രൂപയാണ് ബത്ത. സാധാരണ അംഗങ്ങള്‍ക്ക് യോഗത്തിന് 200 രൂപയാണ് ബത്തയായി ലഭിക്കുക.

ജില്ലാ പഞ്ചായത്തില്‍ പ്രസിഡന്റിന് 16,800 രൂപയാണ് ശമ്പളം. വൈസ് പ്രസിഡന്റിന് 14,200, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന് 10,400, ജില്ലാ പഞ്ചായത്ത് അംഗത്തിന് 9800 എന്നിങ്ങനെയാണ് കയ്യില്‍ കിട്ടുന്ന തുക.

മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലേക്ക് വന്നാല്‍ മേയര്‍- 15800, ഡെപ്യൂട്ടി മേയര്‍- 13200, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍- 9400, കൗണ്‍സിലര്‍- 8200 എന്നിങ്ങനെയാണ് കിട്ടുന്ന തുക.

മുന്‍സിപ്പാലിറ്റിയില്‍ ചെയര്‍മാന്‍ - 15600, വൈസ് ചെയര്‍മാന്‍- 13000, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ 9800, മുന്‍സിപ്പല്‍ കൗണ്‍സിലര്‍ 8600 എന്നിങ്ങനെയാണ് കണക്ക്.

ബ്ലോക്ക് പഞ്ചായത്തില്‍ പ്രസിഡന്റ്- 15,600, വൈസ് പ്രസിഡന്റ്- 13,000, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍- 9,800 ബ്ലോക്ക് പഞ്ചായത്ത് അംഗം 8,600 രൂപ വീതമാണ് കിട്ടുക.

ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ്- 14,200, വൈസ് പ്രസിഡന്റ്- 11,600, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍- 9,200 ബ്ലോക്ക് പഞ്ചായത്ത് അംഗം 8,000 രൂപ വീതമാണ് കിട്ടുക.