@ വയനാട്ടിലെ സ്ഥാനാർത്ഥി നിർണയം കോൺഗ്രസിൽ പൊട്ടലും ചീറ്റലും
@ പൂതാടിയിലും സുൽത്താൻ ബത്തേരിയിലും രാജി
സുൽത്താൻ ബത്തേരി : വയനാട്ടിൽ സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുണ്ടായ തർക്കം കോൺഗ്രസിന് കീറാമുട്ടിയാകുന്നു. പ്രവർത്തകരുടെയും നേതാക്കളുടെയും രാജി നാടകം തുടരുകയാണ്. ഐ.എൻ.ടി.യു.സി ജില്ലാ സെക്രട്ടറി പി.ജെ.ഷാജി, പൂതാടി ഗ്രാമ പഞ്ചായത്ത് ഭരണസമിതിയിലെ ചീയമ്പം വാർഡ് അംഗം എം.വി രാജനും പുളിയമ്പറ്റ വാർഡ് അംഗം തങ്കച്ചൻ നെല്ലിക്കയവും സുൽത്താൻ ബത്തേരി നഗരസഭയിലെ ഒരു പ്രവർത്തകനുമാണ് രാജിവെച്ചത്. ചില സീനിയർ നേതാക്കളുടെ അപ്രമാതിത്വം കാരണം സാധാരണക്കാരായ പ്രവർത്തകരെ തഴയപ്പെടുകയാണെന്ന് ആരോപിച്ചാണ് രാജി. സ്ഥാനാർത്ഥി നിർണയത്തിൽ അർഹമായ പരിഗണന ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ബത്തേരി മണ്ഡലം ജനറൽ സെക്രട്ടറി ടി.ടി.ലൂക്കോസ് രാജിവെച്ചത്. സ്ഥാനാർത്ഥി നിർണയ ചർച്ച അന്തിമഘട്ടത്തിലാണെന്ന് പറയുമ്പോഴും അന്തിമ പട്ടിക പുറത്തിറക്കാനാകാതെ കോൺഗ്രസ് നേതൃത്വം കുഴങ്ങുകയാണ്. പൂതാടി പഞ്ചായത്തിലെ ഒട്ടുമിക്ക സീറ്റുകളിലെയും സ്ഥാനാർത്ഥികളുടെ പേര് വിവരം പുറത്ത് പറയാനാകാതെ ബുദ്ധിമുട്ടുകയാണ്. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ ഇപ്പോഴും അഞ്ച് ഡിവിഷനുകളിൽ ഒന്നിലധികം സ്ഥാനാർത്ഥികളാണ് മത്സരിക്കാനായി രംഗത്തുള്ളത്. നെന്മേനിയിൽ സീറ്റ് ധാരണയെച്ചൊല്ലി ലീഗുമായി തർക്കം തുടരുകയാണ്. കഴിഞ്ഞ തവണ മത്സരിച്ച സീറ്റിന് പുറമെ ഒരു സീറ്റ് കൂടി വേണമെന്നാണ് ലീഗിന്റെ ആവശ്യം. കിട്ടിയില്ലെങ്കിൽ തനിച്ച് മത്സരിക്കാനാണ് നീക്കം. അമ്പലവയലിൽ ചില സീറ്റുകളെ ചൊല്ലിയുള്ള തർക്കവും ചർച്ചയും തുടരുകയാണ്. മുള്ളൻകൊല്ലിയിൽ പാർട്ടിയിൽ രൂപം കൊണ്ട വിഭാഗീയതയാണ് കീറാമുട്ടിയായത്. പുൽപ്പള്ളിയിലും മീനങ്ങാടിയിലും സ്ഥാനാർത്ഥി നിർണയം ഇന്ന് പൂർത്തിയാകുമെന്നാണ് സൂചന. അതെസമയം നൂൽപ്പുഴയിൽ ഇപ്രാവശ്യം നേരത്തെ സ്ഥാനാർത്ഥി നിർണയം പൂർത്തീകരിച്ചു. കഴിഞ്ഞ തവണ നൽകിയ രണ്ട് സീറ്റിന് പുറമെ രണ്ട് സീറ്റ് കൂടി ലീഗ് ചോദിച്ചതോടെ സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് സീറ്റ് നിർണയവും അനിശ്ചിതത്വത്തിലാണ്. പൂതാടിയിൽ കോൺഗ്രസിൽ നിന്ന് നിരവധി പേർ ബി.ജെ.പിയിലേയ്ക്ക് പോയതോടെ പഞ്ചായത്ത് ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലാണ് പൂതാടിയിലെ ബി.ജെ.പി നേതൃത്വം.