തദ്ദേശ തിര.: പത്രികാ സമർപ്പണം നാളെ മുതൽ

Thursday 13 November 2025 12:59 AM IST

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ പുറപ്പെടുവിക്കും.

നാളെ മുതൽ 21വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. രാവിലെ 11നും വൈകിട്ട് മൂന്നിനുമിടയ്ക്കാണ് പത്രികാ സമർപ്പണ സമയം.

നാമനിർദ്ദേശ പത്രിക നിശ്ചിത ഫാറത്തിൽ (ഫാറം – 2) വേണം നൽകേണ്ടത്. പത്രികയോടൊപ്പം ഫാറം 2എയിൽ സ്ഥാവരജംഗമ സ്വത്തുക്കളുടെയും, ബാദ്ധ്യത/കുടിശികയുടെയും, ക്രിമിനൽ കേസുകളുടെയും ഉൾപ്പടെയുള്ള വിവരങ്ങൾ നൽകണം. സ്ഥാനാർത്ഥി കെട്ടിവയ്ക്കേണ്ട തുക

ഗ്രാമപഞ്ചായത്തിൽ 2,000. ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി 4,000. ജില്ലാ പഞ്ചായത്ത്, കോർപ്പറേഷൻ 5,000 രൂപ. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് നിശ്ചിത തുകയുടെ പകുതി മതിയാകും.

നോമിനേഷൻ നൽകുന്ന ദിവസം സ്ഥാനാർത്ഥിക്ക് 21 വയസ് പൂർത്തിയാകണം. പട്ടികജാതി, പട്ടികവർഗ സംവരണ വാർഡുകളിൽ മത്സരിക്കുന്നവർ ബന്ധപ്പെട്ട അധികാരിയിൽ നിന്നുളള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. സ്ഥാനാർത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും സംബന്ധിച്ച മാർഗരേഖ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.

3 അകമ്പടി വാഹനങ്ങൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോകുന്ന സ്ഥാനാർത്ഥിക്കൊപ്പം മൂന്ന് അകമ്പടി വാഹനങ്ങൾ മാത്രമേ 100 മീറ്റർ പരിധിക്കുള്ളിൽ അനുവദിക്കൂ. പത്രിക സമർപ്പിക്കുന്ന വേളയിൽ വരണാധികാരിയുടെ റൂമിലേക്ക് സ്ഥാനാർത്ഥി ഉൾപ്പെടെ 5 പേർക്ക് മാത്രമേ പ്രവേശനമുള്ളൂ.