മുഖ്യമന്ത്രി ഇടപെട്ടു: പി.എം ശ്രീ മരവിപ്പിക്കാൻ കേന്ദ്രത്തിന് കത്ത്

Thursday 13 November 2025 12:04 AM IST

തിരുവനന്തപുരം: പി.എം ശ്രീ പദ്ധതി താത്കാലികമായി മരവിപ്പിക്കാൻ ഒടുവിൽ കേരളം കേന്ദ്രത്തിന് കത്തയച്ചു. പദ്ധതി മരവിപ്പിക്കണമെന്ന് കേന്ദ്രത്തിന് കത്തുനൽകാൻ രണ്ടാഴ്ചമുമ്പ് ഇടതു മുന്നണിയിൽ ധാരണയായിരുന്നു. അതു നടപ്പിലാകാത്തതിനാൽ സി.പി.ഐ മന്ത്രിമാർ മുഖ്യമന്ത്രിയെ കണ്ട് പ്രതിഷേധം അറിയിച്ചതിനു പിന്നാലെയാണ് നടപടി. ഇന്നലെ മന്ത്രിസഭ യോഗത്തിന് മുൻപായിരുന്നു ഉപസമിതി അംഗങ്ങളും സി.പി.ഐ മന്ത്രിമാരുമായ കെ. രാജനും പി. പ്രസാദും മുഖ്യമന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദ്ദേശാനുസരണം ഉച്ചകഴിഞ്ഞ് കേന്ദ്രത്തിന് കത്തു നൽകി. കേന്ദ്രവുമായി ഒപ്പിട്ട പി.എം ശ്രീ ധാരണാപത്രം താത്കാലികമായി മരവിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം.

'കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഒപ്പിട്ട കത്തിലെ വിഷയങ്ങൾ പഠിക്കാൻ മന്ത്രിസഭ ഉപസമിതി രൂപീകരിച്ചിരിക്കുകയാണ്. റിപ്പോർട്ട് വരാൻ രണ്ടുമാസമെങ്കിലുമെടുക്കും. അതുവരെ നടപടികൾ മരവിപ്പിക്കണ"മെന്നാണ് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിൽ കേന്ദ്രത്തിന് കത്ത് നൽകിയത്.

(വിശദ വാർത്ത പേജ്-7)​