ശബരിമല കൊള്ള പത്മകുമാറിലേക്ക്, ചോദ്യം ചെയ്യലിൽ നിന്ന് ഇന്നലെ ഒഴിഞ്ഞുമാറി

Thursday 13 November 2025 12:07 AM IST

 ഇന്ന് ഹാജരായേക്കും

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ എൻ. വാസുവിനു പിന്നാലെ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനും കുരുക്ക് മുറുകി. ശബരിമല കട്ടിളപ്പാളി കേസിൽ പ്രത്യേക അന്വേഷണ സംഘം പത്മകുമാറിനെ ഇന്നലെ ചോദ്യം ചെയ്യാൻ വിളിച്ചെങ്കിലും സമയം ചോദിച്ച് ഒഴിഞ്ഞുമാറി. ഇന്ന് ഹാജരായേക്കും.

സി.പി.എം ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാർ. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ പത്മകുമാറിന്റെ അറസ്റ്റുണ്ടായാൽ പാർട്ടിക്ക് അത് കനത്ത തിരിച്ചടിയാകും.

സ്വർണപ്പാളികേസിൽ എട്ടാം പ്രതിയാണ് പത്മകുമാർ. ഇതു രണ്ടാം തവണയാണ് ചോദ്യം ചെയ്യലിന് വിളിക്കുന്നത്. ആദ്യം ആരോഗ്യപ്രശ്നം പറഞ്ഞ് ഒഴിഞ്ഞു. അടുത്ത ബന്ധുവിന്റെ മരണമാണ് ഇന്നലെ കാരണമായി പറഞ്ഞത്. വാസുവിന്റെ റിമാൻഡ് റിപ്പോർട്ടിൽ പത്മകുമാറിന്റെ പങ്ക് വ്യക്തമായി പറയുന്നുണ്ട്. അതുകൊണ്ടുതന്നെ പൊലീസിന് മുന്നിൽ ഹാജരാകുന്നത് നീട്ടിക്കൊണ്ടുപോകാനുമാവില്ല. 2019ൽ വാസു ദേവസ്വം കമ്മിഷണറും പത്മകുമാർ പ്രസിഡന്റുമായിരിക്കെയാണ് കേസിനാസ്പദമായ സ്വർണക്കൊള്ള നടന്നത്. കട്ടിളപ്പാളി സ്വർണമെന്ന് അറിയാമായിരുന്നിട്ടും വാസു രേഖപ്പെടുത്തിയത് ചെമ്പുപാളിയെന്നാണ്. ഇത് ദേവസ്വം പ്രസിഡന്റിന്റെ അറിവാടോയെന്നാണ് വാസുവിന്റെ മൊഴി.

അഴിമതി നിരോധന നിയമം ചുമത്തും

തിരുവനന്തപുരം: പ്രതികൾക്കെതിരേ അഴിമതി നിരോധന നിയമം ചുമത്തും. നിലവിലെ ഐ.പി.സി കുറ്റകൃത്യങ്ങൾക്കൊപ്പം അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും കൂട്ടിച്ചേർക്കാൻ റാന്നി കോടതിയിൽ റിപ്പോർട്ട് നൽകും. എന്നാൽ വിജിലൻസ് പ്രത്യേകം കേസെടുക്കില്ല. അന്വേഷണം നടത്തുന്ന എസ്.ഐ.ടിക്ക് പ്രതികൾക്കെതിരേ അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും കൂട്ടിച്ചേർക്കാം. റാന്നി കോടതിക്ക് തന്നെ കേസ് തുടർന്നും പരിഗണിക്കാനാവും. പ്രത്യേക വിജിലൻസ് കോടതിയിലേക്ക് മാറ്റേണ്ട ആവശ്യമില്ലെന്നും വിജിലൻസ് ആസ്ഥാനം അറിയിച്ചു.

പ്രചാരണായുധമാക്കി

യു.ഡി.എഫ്, എൻ.ഡി.എ

 ബോർഡ് പ്രമുഖരുടെ അറസ്റ്റും ദേവസ്വം മന്ത്രിയുടെ രാജിയും ആവശ്യപ്പെട്ട് കെ.പി.സി.സിയുടെ നേതൃത്വത്തിൽ ഇന്നലെ സെക്രട്ടേറിയറ്റ് ധർണ നടത്തി. വൃഷ്ചികം ഒന്നിന് വാർഡ് തലത്തിൽ പ്രതിഷേധം

 നേരത്തേ സെക്രട്ടേറിയറ്റ് വളയൽ പ്രക്ഷോഭം നടത്തിയ ബി.ജെ.പി, വോട്ടുതേടിയുള്ള വീട് സന്ദർശനങ്ങളിൽ സ്വർണക്കൊള്ളയാണ് പ്രധാനമായും ചർച്ചയാക്കുന്നത്

 പത്മകുമാർ പ്രസിഡന്റായിരിക്കെ ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളിക്കും ദ്വാരപാലക ശില്പം കൊണ്ടുപോകാൻ കഴിഞ്ഞ സെപ്തംബറിൽ പോറ്റിക്ക് അനുമതി നൽകിയ പി.എസ്. പ്രശാന്തിനും പങ്കുണ്ടെന്നാണ് ആരോപണം

 പത്മകുമാറിന്റെയും അറസ്റ്റുണ്ടായാൽ, ആരുടെയൊക്കെ പേരുകൾ പിറകേ വരുമെന്ന ആശങ്ക എൽ.ഡി.എഫിനുണ്ട്

 അയ്യപ്പന്റെ സ്വർണം കവർന്ന ആരെയും രക്ഷിക്കില്ലെന്നും ഏറ്റവും മികച്ചരീതിയാലാണ് അന്വേഷണമെന്നും പ്രതിരോധം തീർക്കുകയാണ് മുന്നണി