കലഹംതീർക്കും ദമ്പതികൾ തമ്മിലടിച്ചു

Thursday 13 November 2025 12:08 AM IST

ചാലക്കുടി: നാട്ടുകാരുടെ ദാമ്പത്യ പ്രശ്നം പരിഹരിക്കുന്ന 'കൗൺസലിംഗ് ദമ്പതികൾ" തമ്മിൽത്തല്ലി. കലിപൂണ്ട് ഭർത്താവ് ടി.വി ബോക്സെടുത്ത് ഭാര്യയുടെ തലയ്ക്കടിച്ചു. കൈകൾ കടിച്ചുമുറിച്ചു,​ മുടിക്കുത്തിന് പിടിച്ചുവലിച്ചു, 70,000 രൂപയുടെ ഫോൺ എറിഞ്ഞുപൊട്ടിച്ചു.

ഒക്ടോബർ 25നാണ് സംഭവം. ചാരിറ്റി പ്രവർത്തകരായ ജീജി മാരിയോ,​ ഭർത്താവ് മാരിയോ ജോസഫ് എന്നിവരാണ് കുടുംബത്തർക്കം പറഞ്ഞു തീർക്കുന്നതിനിടെ തമ്മിൽത്തല്ലിയത്. സ്വരച്ചേർച്ചയില്ലാതെ ഇരുവരും ഒൻപത് മാസമായി അകന്നു കഴിയുകയായിരുന്നു. പ്രശ്‌നം പറഞ്ഞുതീർക്കാൻ ജിജി ഭർത്താവ് മാരിയോയുടെ വീട്ടിലെത്തി. സംസാരത്തിനിടെ പ്രശ്‌നം വഷളായി. തുടർന്ന് ജിജിയെ മാരിയോ ഉപദ്രവിക്കുകയായിരുന്നു.

കുടുംബ ധ്യാന പരിപാടിയിലൂടെ സാമൂഹ്യ മാദ്ധ്യമത്തിൽ ശ്രദ്ധ നേടിയ ദമ്പതികൾ,​ മുരിങ്ങൂരിൽ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിയിരുന്നു. ഏറെക്കാലമായി ഫിലോകാലിയ എന്ന ധ്യാന പരിപാടിയും സംഘടിപ്പിച്ചിരുന്നു. സംഭവത്തിൽ മാരിയോയ്ക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തു. ഒരുമാസം തടവും 5,000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസ്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നൽകി.