കഴിഞ്ഞ മാർച്ച് 29ന് മുമ്പ് മരിച്ചവരുടെ ആശ്രിതർക്ക് സമാശ്വാസ ധനമില്ല

Thursday 13 November 2025 12:09 AM IST

□പുതിയ ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: ഈ വർഷം മാർച്ച് 29ന് മുമ്പ് മരണമടഞ്ഞ സർക്കാർ ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസ ധനം നൽകില്ല.അവർക്ക് ആശ്രിത നിയമനത്തിന് 1999ൽ

മേയ് 24ന് പുറത്തിറക്കിയ ഉത്തരവായിരിക്കും ബാധകമെന്നും വ്യക്തത വരുത്തി സർക്കാർ ഇന്നലെ പുതിയ ഉത്തരവിറക്കി.

ആശ്രിത നിയമനത്തിൽ മാറ്റം വരുത്തിയുള്ള മറ്റ് പരിഷ്ക്കാരങ്ങളിൽ മാറ്റമില്ല.ആശ്രിത നിയമനത്തിന് ഏകീകൃത സോഫ്റ്റ് വെയറുണ്ടാക്കും.ഇത് നിലവിൽ വരുന്നത് വരെയോ, അല്ലെങ്കിൽ ഈ വർഷം ഡിസംബർ 31ന് മുമ്പോ ആശ്രിത നിയമനം അതത് വകുപ്പുകളിൽ നടത്തണം.അതിന് സാധിക്കാതെ വന്നാൽ പൊതുഭരണ വകുപ്പിന് കൈമാറണം.ഓരോ പതിനാറാമത്തെ ഒഴിവും ആശ്രിത നിയമനത്തിന് മാറ്റി വയ്ക്കണം. ഏകീകൃത സോഫ്റ്റ് വെയർ ഉണ്ടാക്കിയിട്ടും നിയമനം നടത്താനാകാത്ത കേസുകളിൽ യോഗ്യതയ്ക്കനുസരിച്ച് അഞ്ച് തസ്തികകൾ തിരഞ്ഞെടുക്കാൻ അവസരം നൽകും.

അതേ സമയം, ജീവനക്കാരൻ മരിക്കുമ്പോൾ പതിമൂന്ന് വയസ് തികയാത്ത ആശ്രിതരെ നിയമനത്തിന് പരിഗണിക്കേണ്ടെന്ന വിവാദ വ്യവസ്ഥയിൽ മാറ്റമില്ല.പൊതു സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കി ഒഴിവുകൾ നിർണ്ണയിച്ച് ആശ്രിത നിയമനം നടത്തണമെന്ന വ്യവസ്ഥയ്ക്കും മാറ്റമില്ല. ഈ വർഷം മാർച്ച് 29ന് പുറത്തിറക്കിയ ഉത്തരവിൽ അവ്യക്തതയുണ്ടെന്ന ആക്ഷേപം ഉയർന്ന സാഹചര്യത്തിലാണ് പുതിയ ഉത്തരവിറക്കിയത്.