തദ്ദേശതിരഞ്ഞെടുപ്പ് : അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തിയേക്കും

Thursday 13 November 2025 12:13 AM IST

തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പ് കാരണം പൊതുവിദ്യാഭ്യാസ വകുപ്പ് ഡിസംബറിലെ അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തിയേക്കും. സ്കൂൾ വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഡിസംബർ 11 മുതൽ 18 വരെയാണ് അർദ്ധവാർഷിക പരീക്ഷ. ഹയർസെക്കൻഡറി പരീക്ഷ 9ന് തുടങ്ങും. ക്രിസ്മസ് അവധിക്കായി 19നാണ് സ്കൂൾ അടയ്ക്കുന്നത്. എന്നാൽ 9നും 11നുമാണ് തദ്ദേശതിരഞ്ഞെടുപ്പ് നിശ്ചയിച്ചിട്ടുള്ളത്. പ്രൈമറി പരീക്ഷ ഡിസംബറിൽ പൂർത്തിയാക്കി ബാക്കി ക്ലാസുകളിലേത് ഡിസംബർ 15 മുതൽ 19 വരെ ഒരു ഘട്ടവും ക്രിസ്മസ് അവധിക്കുശേഷം രണ്ടാംഘട്ടവുമായി നടത്തുന്നതാണ് പരിഗണിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾക്കായി ക്യു.ഐ.പി യോഗം ചേരും.