യൂണിയൻ ബാങ്ക് 107-ാം സ്ഥാപക ദിന ആഘോഷം

Thursday 13 November 2025 12:14 AM IST

കൊച്ചി: യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയുടെ 107-ാം സ്ഥാപക ദിനം മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്നു. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിലെ (ഡി.എഫ്.എസ്) സെക്രട്ടറി എം. നാഗരാജു മുഖ്യാതിഥിയായിരുന്നു. യൂണിയൻ ബാങ്ക് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ അശീഷ് പാണ്ഡെ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും ജീവനക്കാരും ഉപഭോക്താക്കളും ചടങ്ങിൽ പങ്കെടുത്തു. സ്ഥാപക ദിനത്തോടനുബന്ധിച്ച്, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായി (എം.എസ്.എം.ഇ) ബിസിനസ് ഇടപാടുകൾ ലളിതമാക്കുന്ന 'യൂണിയൻ ഇബിസ്' ബിസിനസ് മൊബൈൽ ബാങ്കിംഗ് ആപ്പ് പുറത്തിറക്കി. റീട്ടെയിൽ ഉപഭോക്താക്കൾക്കായി 'യൂണിയൻ ഈസ്' ആപ്പ് ലോഗോയും പ്രകാശനം ചെയ്‌തു. ഇതോടൊപ്പം രാജ്യമൊട്ടാകെ 51 പുതിയ ശാഖകളും ഓഫീസുകളും വെർച്വലായി തുറന്നു. ദേശീയ പ്രതിരോധ നിധിയിലേക്ക് (നാഷണൽ ഡിഫെൻസ് ഫണ്ട്) യൂണിയൻ ബാങ്ക് ജീവനക്കാർ 21.68 കോടി രൂപ സംഭാവന നൽകി. നിലവിൽ ബാങ്കിന് 22.10 ലക്ഷം കോടി രൂപയുടെ ആഗോള ബിസിനസും, 16 കോടിയിലധികം ഉപഭോക്താക്കളുമുണ്ടെന്ന് അശീഷ് പാണ്ഡെ അറിയിച്ചു.