ലാഭമുയർത്തി കമ്പനികൾ
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസക്കാലയളവിൽ ലാഭത്തിലും വിറ്റുവരവിലും മികച്ച നേട്ടവുമായി ഇന്ത്യൻ കമ്പനികൾ കുതിക്കുന്നു. പ്രതിരോധ മേഖലയിലെ പ്രമുഖ പൊതു മേഖല സ്ഥാപനമായ ഹിന്ദുസ്ഥാൻ എയിറോനോട്ടിക്സിന്റെ (എച്ച്.എ.എൽ) അറ്റാദായം 10.5 ശതമാനം ഉയർന്ന് 1,650 കോടി രൂപയിലെത്തി. പുതിയ കരാറുകൾ നേടാനായതാണ് കമ്പനിക്ക് കരുത്തായത്. പ്രതിരോധ രംഗത്ത് വിദേശ ആശ്രയത്വം കുറയ്ക്കാനുള്ള നടപടികൾ എച്ച്.എ.എല്ലിന് ഗുണമായി. മുൻനിര വാഹന കമ്പനിയായ അശോക് ലൈലാൻഡിന്റെ അറ്റാദായം ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 770 കോടി രൂപയായി ഉയർന്നു. പ്രവർത്തന വരുമാനം 9.3 ശതമാനം വർദ്ധിച്ച് 9,588 കോടി രൂപയിലെത്തി. മുൻനിര വിപണികളിൽ സ്റ്റീൽ ഉപഭോഗം ഗണ്യമായി മെച്ചപ്പെട്ടത്തോടെ ടാറ്റ സ്റ്റീലിന്റെ അറ്റാദായം അവലോകന കാലയളവിൽ 272 ശതമാനം വർദ്ധിച്ച് 3,102 കോടി രൂപയായി. പ്രവർത്തന വരുമാനം ഒൻപത് ശതമാനം കൂടി 58,689 കോടി രൂപയിലെത്തി. ഒ.എൻ.ജി.സി. പ്രമുഖ പൊതുമേഖല എണ്ണക്കമ്പനിയായ ഒ.എൻ.ജി.സിയുടെ അറ്റാദായം 22 ശതമാനം ഉയർന്ന് 9,848 കോടി രൂപയിലെത്തി. കമ്പനിയുടെ വരുമാനം ഇക്കാലയളവിൽ 3.2 ശതമാനം വളർച്ചയോടെ 33,031 കോടി രൂപയിലെത്തി.