ബീഹാർ സർവേയുടെ ആവേശത്തിൽ ഓഹരികൾ
കൊച്ചി: വിദേശ നിക്ഷേപകരുടെ കരുത്തിൽ ഇന്ത്യൻ ഓഹരി വിപണി ഇന്നലെയും മുന്നേറ്റം തുടർന്നു. ബീഹാർ നിയമ സഭ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന അഭിപ്രായ സർവേകളുടെ ആവേശത്തിൽ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വാങ്ങികൂട്ടി. സെൻസെക്സ് 595.19 പോയിന്റ് ഉയർന്ന് 84,466.51ൽ അവസാനിച്ചു. നിഫ്‌റ്റി 180.85 പോയിന്റ് നേട്ടവുമായി 25,875.80ൽ എത്തി. ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഫിൻസെർവ്, ടെക്ക് മഹീന്ദ്ര എന്നിവയാണ് മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. ഇന്ത്യയും അമേരിക്കയുമായി വ്യാപാര കരാർ ഒപ്പുവക്കാനുള്ള സാദ്ധ്യതയും രണ്ടാം ത്രൈമാസക്കാലയളവിൽ ഇന്ത്യൻ കമ്പനികളുടെ മികച്ച പ്രവർത്തന ഫലങ്ങളും നിക്ഷേപകർക്ക് ആവേശം പകർന്നു. ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം വിദേശ ധനകാര്യ സ്ഥാപനങ്ങൾ വീണ്ടും ഇന്ത്യൻ വിപണിയിൽ സജീവമായി.
സ്വർണ വില താഴുന്നു
സ്വർണ വിലയിൽ ചാഞ്ചാട്ടം ഇന്നലെയും തുടർന്നു. രാജ്യാന്തര വിപണിയിൽ ഇന്നലെ തുടക്കത്തിൽ ഇടിഞ്ഞ വില പിന്നീട് തിരിച്ചുകയറി. നിലവിൽ വില ഔൺസിന് 4,135 ഡോളറിലാണ്. അമേരിക്കയിലെ സർക്കാർ ഷട്ട്‌ഡൗൺ അവസാനിക്കാൻ സമയമെടുക്കുമെന്ന വാർത്തകളാണ് സ്വർണത്തിന് അനുകൂലമായത്. കേരളത്തിൽ ഇന്നലെ സ്വർണ വില ഗ്രാമിന് 30 രൂപയും പവന് 240 രൂപയും കുറഞ്ഞു. പവൻ വില 92,040 രൂപയിലെത്തി.