കോഴിക്കോട് ലാ കോളേജ് കോഴ്സ്:ഹൈക്കോടതി വിശദീകരണം തേടി
കൊച്ചി: കോഴിക്കോട് ഗവ. ലാ കോളേജിലെ പഞ്ചവർഷ എൽ.എൽ.ബി കോഴ്‌സിന് ഇന്ത്യൻ ബാർ കൗൺസിലിന്റെ അംഗീകാരം നഷ്ടപ്പെട്ടെന്ന് ആരോപിക്കുന്ന ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. 2011 മുതൽ പഞ്ചവത്സര കോഴ്‌സിന് അംഗീകാരമില്ലെന്നാണ് വാദം.ബാർ കൗൺസിലിന്റെ അംഗീകാരം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അഭിഭാഷകരും ന്യായാധിപരുമെല്ലാം ബുദ്ധിമുട്ടിലാകുമെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസ് വി.ജി. അരുൺ വാക്കാൽ അഭിപ്രായപ്പെട്ടു. 2021ൽ കോളേജിൽ നിന്ന് പഞ്ചവർഷ എൽ.എൽ.ബി പാസായ മുഹമ്മദ് അൻവർ സെയ്ദാണ് ഹർജിക്കാരൻ.കാനഡയിൽ ഉന്നത പഠനത്തിനായി അപേക്ഷിച്ചപ്പോഴാണ് കോഴ്‌സിന് ബി.സി.ഐ യുടെ അംഗീകാരം നഷ്ടപ്പെട്ടതായി മനസിലാക്കിയത്. കോഴ്‌സിന് തുടരനുമതി വാങ്ങുന്നതിൽ കോളേജും ഉന്നത വിദ്യാഭ്യാസ വകുപ്പും വീഴ്ച വരുത്തിയെന്നും ഹർജിയിൽ വിശദീകരിച്ചു. മുൻകാല പ്രാബല്യത്തോടെ കോഴ്‌സിന് അനുമതി ലഭ്യമാക്കാൻ ഉത്തരവിടണമെന്നാണ് ആവശ്യം. വിഷയം 21ന് പരിഗണിക്കും.