ജി.എസ്.ടി ഇളവിൽ വിലക്കയറ്റത്തോത് താഴേക്ക്
ഒക്ടോബറിൽ നാണയപ്പെരുപ്പം 0.25 ശതമാനം
കൊച്ചി: ചരക്കു സേവന നികുതി(ജി.എസ്.ടി) ഇളവിന്റെ നേട്ടത്തിൽ രാജ്യത്തെ നാണയപ്പെരുപ്പം ഒക്‌ടോബറിൽ റെക്കാഡ് താഴ്ചയിലെത്തി. ചില്ലറ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം കഴിഞ്ഞ മാസം 0.25 ശതമാനത്തിലേക്കാണ് താഴ്‌ന്നത്. സെപ്തംബറിൽ നാണയപ്പെരുപ്പം 1.54 ശതമാനമായിരുന്നു. ജി.എസ്.ടി നിരക്കുകൾ അഞ്ച് ശതമാനവും 18 ശതമാനവുമായി കുറഞ്ഞതിന്റെ പൂർണ പ്രതിഫലനം കഴിഞ്ഞ മാസമാണ് വിപണിയിൽ ദൃശ്യമായത്. നിത്യോപയോഗ സാധനങ്ങളിൽ 90 ശതമാനത്തിനും ജി.എസ്.ടി അഞ്ച് ശതമാനമായി കുറഞ്ഞതാണ് നേട്ടമായത്.
ഭക്ഷ്യ ഉത്പന്നങ്ങളുടെ വില മുൻവർഷം ഇതേ കാലയളവിനേക്കാൾ 5.02 ശതമാനം ഇടിഞ്ഞു. സെപ്തംബറിൽ വിലയിൽ 2.28 ശതമാനം കുറവുണ്ടായിരുന്നു. ഗ്രാമീണ മേഖലയിൽ 4.85 ശതമാനവും നഗരങ്ങളിൽ 5.18 ശതമാനവും ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുറഞ്ഞു. തുടർച്ചയായ നാലാം മാസമാണ് റിസർവ് ബാങ്കിന്റെ വാർഷിക ലക്ഷ്യമായ നാല് ശതമാനത്തിന് താഴെ നിലനിൽക്കുന്നത്.
ഭക്ഷ്യ വില കുത്തനെ കുറയുന്നു
അവലോകന കാലയളവിൽ പച്ചക്കറി വില 27.57 ശതമാനം കുറഞ്ഞു. ഭക്ഷ്യ എണ്ണകൾ, പച്ചക്കറി, പഴം, മുട്ട, ധാന്യങ്ങൾ, പാദരക്ഷകൾ എന്നിവയുടെയും വില കുത്തനെ താഴ്ന്നു.
കേരളം ഇത്തവണയും ഒന്നാമത്
ഇന്ത്യയൊട്ടാകെ ഉത്പന്ന വില കുറയുകയാണെങ്കിലും കേരളത്തിൽ നാണയപ്പെരുപ്പം ഉയർന്ന തലത്തിൽ തുടരുകയാണ്. ഒക്ടോബറിൽ രാജ്യത്തെ ഏറ്റവും ഉയർന്ന വിലക്കയറ്റത്തോത് കേരളത്തിലാണ്. കേന്ദ്ര സർക്കാരിന്റെ കണക്കുകളനുസരിച്ച് കേരളത്തിലെ നാണയപ്പെരുപ്പം 8.56 ശതമാനമാണ്. ഉത്തർപ്രദേശ്, ബീഹാർ, മദ്ധ്യ പ്രദേശ് എന്നിവിടങ്ങളിൽ വിലക്കയറ്റ സൂചിക നെഗറ്റീവ് വളർച്ചയാണ് നേടിയത്.
സംസ്ഥാനങ്ങളിലെ വിലക്കയറ്റത്തോത്
കേരളം: 8.56%
ജമ്മു ആൻഡ് കാശ്മീർ: 2.95%
നാഗാലാൻഡ്: 2.67%
കർണാടക: 2.34%
വില കുറയുന്ന സംസ്ഥാനങ്ങൾ
ബീഹാർ: -1.97%
ഉത്തർപ്രദേശ്: -1.71%
മദ്ധ്യപ്രദേശ്: -1.67%
ആസാം: -1.5%
കേരളത്തിലെ പ്രതിസന്ധി
കാർഷിക ഉത്പാദനത്തിലെ തളർച്ചയും വിദേശ ഇന്ത്യയ്ക്കാരുടെ പണമൊഴുക്കും ഉയർന്ന ഗതാഗത ചെലവുകളുമാണ് കേരളത്തിൽ വില കുറയുന്നതിന് വിഘാതമാകുന്നത്.