മെഡിക്കൽ കോളേജുകളിൽ നാളെ ഡോക്ടർമാർ പണിമുടക്കും,​ ഒപി ബഹിഷ്കരിച്ച് സമരം

Wednesday 12 November 2025 11:27 PM IST

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർ നാളെ പണിമുടക്കും. അത്യാഹിതവിഭാഗത്തിൽ മാത്രമാകും ഡോക്ടർമാർ ഡ്യൂട്ടിയ്ക്ക് എത്തുക . ഒ.പി, അടിയന്തിരമല്ലാത്ത ശസ്ത്രക്രിയകൾ, വിദ്യാർത്ഥികൾക്കുള്ള ക്ലാസുകൾ എന്നിവ ബഹിഷ്‌കരിക്കും . അഡ്മിറ്റായിട്ടുള്ള രോഗികളുടെ ചികിത്സ, കാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റുമോർട്ടം പരിശോധനകൾ തുടങ്ങിയ അടിയന്തിര സേവനങ്ങൾക്ക് തടസമുണ്ടാകില്ല. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.എം.സി.ടി.എ) നടത്തുന്ന സമരങ്ങളുടെ ഭാഗമായാണ് പണിമുടക്ക്.

മന്ത്രി വീണാ ജോർജുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതോടെയാണ് സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. ആവശ്യങ്ങൾ അടിയന്തിരമായി അംഗീകരിച്ച് ഉത്തരവ് ഇറക്കിയില്ലെങ്കിൽ ശക്തമായ സമരത്തിലേക്ക് കടക്കും. മറ്റ് എല്ലാ മാർഗങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് പണിമുടക്കിന് നിർബന്ധിതമായതെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ് ഡോ.റോസ്നാരാ ബീഗം.ടിയും ജനറൽ സെക്രട്ടറി ഡോ.അരവിന്ദ് സി.എസും അറിയിച്ചു. തദ്ദേശതിരഞ്ഞെടുപ്പിന് ശേഷം സമരത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കാനാണ് നീക്കം.

അസിസ്റ്റന്റ് പ്രൊഫസർമാരുടെ എൻട്രി കേഡറിലെ ശമ്പളത്തിലെ അപാകത പരിഹരിക്കുക.അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിക്കുന്നതിനുള്ള സർവീസ് ദൈർഘ്യം കുറയ്ക്കുക. എല്ലാ മെഡിക്കൽ കോളേജ് ഡോക്ടർമാർക്കും അർഹതപ്പെട്ട 57മാസത്തെ ശമ്പള പരിഷ്‌കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.