സാഹസിക ടൂറിസം ഭൂപടത്തിലേക്ക് പ്രമാടം, നെടുംപാറയിൽ റോക് പാർക്ക്

Thursday 13 November 2025 12:49 AM IST

പ്രമാടം : കോന്നി മാതൃകാ ടൂറിസം പദ്ധതിയുടെ ഭാഗമായി പ്രമാടം പഞ്ചായത്തിലെ വി.കോട്ടയം നെടുംപാറ മലയിൽ റോക് പാർക്കിനുള്ള നടപടിയായി. അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ വിശ്വസഞ്ചാരി സന്തോഷ് ജോർജ്ജ് കുളങ്ങര പ്രദേശം സന്ദർശിച്ച് റോക് പാർക്കിന്റെ സാദ്ധ്യതകൾ കണ്ടെത്തിയിരുന്നു. പത്തനംതിട്ട ചുട്ടിപ്പാറ പോലെതന്നെ മലമുകളിൽ നിന്നുള്ള പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ദൂരെസ്ഥലങ്ങളിൽ നിന്ന് ഉൾപ്പടെ നിരവധി ആളുകളാണ് ദിവസേന ഇവിടെ എത്തുന്നത്.

കല്ലിൽ തീർത്ത ആനയുടെ ശില്പത്തിനുള്ളിലൂടെയായിരിക്കും പാർക്കിലേക്ക് പ്രവേശിക്കുക രണ്ട് പാറകളെ ബന്ധിപ്പിക്കുന്ന തൂക്കുപാലം, കല്ലിന്റെ ബോർഡിൽ കുട്ടികൾക്ക് ചോക്ക്, പെയിന്റ് എന്നിവ ഉപയോഗിച്ച് രചനകൾ നടത്താനുള്ള സൗകര്യം, കൽശില്പങ്ങൾ കൊത്തി വിൽപന, ശിൽപ്പങ്ങളുടെ ആർട്ട് ഗാലറി, പ്രകൃതിയോടിണങ്ങി കുട്ടികൾക്ക് മണ്ണിൽ കളിയ്ക്കാനുള്ള സൗകര്യം, കളിമൺപാത്രങ്ങളും ശില്പങ്ങളും നിർമ്മിച്ച് പ്രദർശനം, കുട്ടികൾക്കും മുതിർന്നവർക്കും റോപ്പ് ഉപയോഗിച്ച് സുരക്ഷിതമായി പാറയുടെ ചരിവുകളിലൂടെ കയറുന്നതിനുള്ള സൗകര്യം, വിശ്രമ സൗകര്യങ്ങൾ, താഴ്ഭാഗത്ത് ബോട്ടിംഗ് സൗകര്യം, പ്രാദേശിക വിഭവങ്ങൾ വിതരണം ചെയ്യുന്ന ഈ​റ്ററി സോൺ എന്നിവയാണ് നെടുംപാറമലയിൽ നിർദ്ദേശിക്കപ്പെട്ട പദ്ധതികൾ.

നയനമനോഹരം

നയനമനോഹര കാഴ്ചകളൊരുക്കുന്ന നെടുംപാറ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ്. പാറയുടെ മുകൾ പരപ്പിലെ ഏക്കറ് കണക്കിന് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന പച്ചപ്പാണ് പ്രധാന ആകർഷണീയത. മലമുകളിൽ എത്തുമ്പോഴുള്ള കുളിർകാറ്റും വിസ്തൃതമായ നടപ്പാതകളും മുകളിൽ നിന്ന് നോക്കിയാൽ കാണാവുന്ന നോക്കത്താ ദൂരത്തെ കാഴ്ചകളുമൊക്കയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. സൂര്യോദയവും അസ്തമയവും കാണാനാണ് കൂടുതലായും ആളുകൾ എത്തുന്നത്. സാഹസിക മലകയറ്റത്തിനും ആളുകളുണ്ട്.

നിരവധി ആളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ ലഭിക്കുന്ന പദ്ധതിയാണിത്. പ്രകൃതിയെ സംരക്ഷിച്ചുള്ള വികസനമാണ് ലക്ഷ്യം. കോന്നി ടൂറിസം ഗ്രാമം പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയാണ് പ്രമാടത്തെ ടൂറിസം വികസനം സാദ്ധ്യമാക്കുന്നത്.