ശിശുദിനാഘോഷം വിപുലമായി സംഘടിപ്പിക്കും
പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ 14ന് ശിശുദിനാഘോഷം സംഘടിപ്പിക്കും. ജില്ലാ കളക്ടറും ശിശുക്ഷേമ സമിതി പ്രസിഡന്റുമായ എസ്.പ്രേം കൃഷ്ണൻ ശിശുദിന സന്ദേശം നൽകും.
രാവിലെ 8ന് കളക്ടറേറ്റ് അങ്കണത്തിൽ ജില്ലാ പൊലിസ് മേധാവി ആർ.ആനന്ദ് പതാകയുയർത്തും. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആർ.അജിത്കുമാർ ഫ്ലാഗ് ഓഫ് ചെയ്യുന്ന റാലി നഗരം ചുറ്റി മാർത്തോമാ ഹയർ സെക്കൻഡറി സ്‌കൂളിൽ സമാപിക്കും. തുറന്ന ജീപ്പിൽ കുട്ടികളുടെ പ്രധാനമന്ത്രി, സ്പീക്കർ എന്നിവർ റാലിക്ക് നേതൃത്വം നൽകും. കുട്ടികളുടെ പ്രധാനമന്ത്രി പഴകുളം സർക്കാർ എൽ.പി സ്‌കൂൾ വിദ്യാർത്ഥി ആർ.ദേവനാഥ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡി.ബി.എച്ച്.എസ് വിദ്യാർത്ഥിനി പാർവതി വിനീത് അദ്ധ്യക്ഷയാകും.
മർത്തോമ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥി സിയം സുമനാണ് കുട്ടികളുടെ സ്പീക്കർ. തോട്ടുവ സർക്കാർ എൽ.പി സ്‌കൂൾ വിദ്യാർത്ഥിനി എ.ദേവനന്ദ, കൊടുമൺ സെന്റ് പീറ്റേഴ്‌സ് യു.പി സ്‌കൂൾ വിദ്യാർത്ഥി സായ്കൃഷ്ണ എന്നിവർ സംസാരിക്കും. ജില്ലാ ശിശുക്ഷേമസമിതി സെക്രട്ടറി ജി.പൊന്നമ്മ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. ട്രഷറർ എ.ജി.ദീപു, ജോയിന്റ് സെക്രട്ടറി സലിം പി.ചാക്കോ എന്നിവർ സമ്മാനദാനം നിർവഹിക്കും. മാങ്കോട് സർക്കാർ എച്ച്.എസ്.എസിലെ ഹൈഫ അരാഫത്ത് നന്ദി പറയും.